
തൊടുപുഴ: 'വെള്ളം' സിനിമ ഏറ്റെടുത്ത പ്രേക്ഷകരെ നേരിൽ കണ്ട് നന്ദി പറയാൻ നായക കഥാപാത്രത്തെ അവതരിപ്പിച്ച ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും എത്തി. തൊടുപുഴ ആശിർവാദ് സിനിമാസിലെത്തിയ ഇവരെ തിയേറ്റർ മാനേജരും സഹപ്രവർത്തകരും ജയസൂര്യ ഫാൻസ് അസോസിയേഷനും ചേർന്ന് സ്വീകരിച്ചു.
നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത് മണമ്പ്രക്കാട്ടും ഒപ്പമുണ്ടായിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ പൂർണമായും നിശ്ചലമായ സിനിമാ ചിത്രീകരണവും റിലീസിംഗും ഏകദേശം ഒരു വർഷത്തിന് ശേഷം വീണ്ടും സജീവമാവുകയാണ്. പ്രതിസന്ധി അവസാനിച്ച് സിനിമകൾ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുമ്പോൾ മലയാളത്തിൽ 'വെള്ളം' സിനിമയാണ് ആദ്യം റീലീസായത്. 'വെള്ളം' പ്രേക്ഷകർ ഏറ്റെടുത്ത് മെഗാ ഹിറ്റിലേക്ക് കുതിക്കുകയാണ്. വെള്ളം സിനിമ ഏറ്റെടുത്ത പ്രേക്ഷകരോട് ഏറ്റവും സ്നേഹത്തോടെ നന്ദി അറിയിക്കുന്നതായി ജയസൂര്യ പറഞ്ഞു. കേക്ക് മുറിച്ച് മധുരം നൽകി. പിന്നീട് ആശീർവാദ് സിനിമാസിൽ പ്രേക്ഷകർക്കൊപ്പം വെള്ളം സിനിമ കണ്ടതിന് ശേഷമാണ് ജയസൂര്യയും സംഘവും മടങ്ങിയത്.