തൊടുപുഴ: കൊവിഡ് മഹാമാരി വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയിട്ടുള്ള പഠന വിടവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളം ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ലാബ് @ ഹോം പദ്ധതിക്ക് ജില്ലയിൽ തുടക്കം കറിച്ചു. ബി.ആർ.സി തലത്തിലും സി.ആർ.സി തലത്തിലും സ്‌കൂൾ തലത്തിലും അധ്യാപകർക്ക് പരിശീലനം നൽകി പി.ടി.എ, എസ്.എം.സി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടുകൂടി നടപ്പാക്കുന്ന ലാബ് അറ്റ് ഹോം പദ്ധതിയുടെ ജില്ലാതല ശിൽപ്പശാലകളാണ് പൂർത്തിയായത്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി ഗണിതലാബും, അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികൾക്കായി ശാസ്ത്രലാബും സാമൂഹ്യശാസ്ത്ര ലാബുമാണ് തയാറാക്കി നൽകുന്നത്. നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും അറിവിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കുട്ടി അവന്റെ ചുറ്റുപാടുകളിൽ നിന്നും പരീക്ഷണങ്ങൾക്കാവശ്യമായ നിരവധി വസ്തുക്കൾ കണ്ടെത്തുകയും സമഗ്രശിക്ഷ കേരളം വിതരണം ചെയ്യുന്ന പരീക്ഷണ ഉപകരണങ്ങൾക്കൂടി ഉപയോഗിച്ചുകൊണ്ട് ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ ഒരു പരീക്ഷണ ശാലയുണ്ടാകും വിധമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വീട്ടിലൊരു ശാസ്ത്രലാബ് പദ്ധതിയുടെ ജില്ലാതല ശിൽപ്പശാല തൊടുപുഴ ഡയറ്റ് ലാബ് സ്‌കൂളിൽ വച്ച് നടന്നു. വിവിധ ബി.ആർ.സികളെ പ്രതിനിധികരിച്ചുകൊണ്ടുള്ള അദ്ധ്യാപകരും ഡയറ്റ് ലാബ് സ്‌കൂളിലെ രക്ഷിതാക്കളും പങ്കെടുത്ത ശിൽപ്പശാല തൊടുപുഴ മുൻസിപ്പൽ കൗൺസിലർ ശ്രീലക്ഷ്മി സുദീപ് ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ കേരളം ജില്ലാ കോ-ഓർഡിനേറ്റർ ബിന്ദുമോൾ ഡി, പ്രോഗ്രാം ഓഫീസർ മൈക്കിൾ സെബാസ്റ്റ്യൻ, ഡയറ്റ് ലാബ് സ്‌കൂൾ പ്രഥമാദ്ധ്യാപിക സ്വപ്ന, സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പംഗം ഷമീർ സി.എ എന്നിവർ പ്രസംഗിച്ചു.