mohanlal

തൊടുപുഴ: കൊവിഡ് മൂലം ഏതാനും മാസങ്ങളായി നിർത്തിവെയ്‌ക്കേണ്ടി വന്നട തൊടുപുഴ റോട്ടറി ക്ലബ്ബ് തൊടുപുഴ പോലീസുമായി ചേർന്ന് നടത്തപ്പെട്ടിരുന്നതുമായ അന്നപൂർണ്ണം തൊടുപുഴ പദ്ധതി ഇന്ന് മുതൽ പുനരാരംഭിക്കുന്നു. മൂൺലിറ്റ് ഹോട്ടലിൽ നടന്ന ഹൃസ്വമായ ഒരു ചടങ്ങിൽ മോഹൻലാൽ, തൊടുപുഴ ഡി.വൈ.എസ്.പി കെ. സദന് അന്നപൂർണ്ണം തൊടുപുഴ പദ്ധതിയുടെ സൗജന്യ കൂപ്പൺ കൈമാറിക്കൊണ്ട് പദ്ധതിയുടെ രണ്ടാം വരവിന് തുടക്കം കുറിച്ചു.തൊടുപുഴയിലെ നല്ലവരായ പൊതുജനങ്ങളുടെ സഹകരണത്തോടെ അർഹരായ വ്യക്തികൾക്ക് അർഹമായ സമയത്ത് ഈ സേവനം ലഭ്യമാകട്ടെ എന്നും, തൊടുപുഴ റോട്ടറിയുടെ ഈ മഹത്തായ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും ഉണ്ടാകട്ടെയെന്നും മോഹൻലാൽ ആശംസിച്ചു. ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ: സതീഷ് കുമാർ, മുൻ പ്രസിഡന്റ് ഡോ: റെജി ജോസ്, ജില്ല കോ ഓർഡനേറ്റർ ലറ്റോ. പി.ജോൺ, സെക്രട്ടറി ഫെബിൻ ലീ, ട്രഷറർ മധുസൂദനൻ നായർ, മുൻ പ്രസിഡന്റുമാരായ ഹെജി പി.ചെറിയാൻ, മാത്യു കണ്ടിരിക്കൽ എന്നിവർ പങ്കെടുത്തു. പണമില്ലാത്തതു കൊണ്ടുമാത്രം തൊടുപുഴ നഗരത്തിൽ ഒരാൾ പോലും ഒരു നേരത്തെ ആഹാരം കിട്ടാതെ വലയരുത് എന്ന ആശയമാണ് ഈ പദ്ധതിയുടെ പിന്നിൽ.
2019 മേയ് 2 ന് ആരംഭിച്ച ഈ വിശപ്പുരഹിതനഗരം പദ്ധതി, കൊറോണ മൂലം ഏതാനും മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ബസ് സ്റ്റാൻഡുകളിലെ പൊലീസ് എയ്ഡ് പോസ്റ്റുകളിൽ നിന്നും പൊലീസ് സ്റ്റേഷനിൽ നിന്നും ഉച്ചക്ക് 12 മണി മുതൽ ലഭിക്കുന്ന കൂപ്പണുമായി നിശ്ചിത ഹോട്ടലുകളിലെത്തിയാൽ സൗജന്യമായി ഉച്ച ഭക്ഷണം കഴിച്ചു പോകാം. മെയിൻ പ്രൈവറ്റ് സ്റ്റാൻഡിലെ ഹോട്ടൽ മൈമൂൺ, സിവിൽ സ്റ്റേഷന് സമീപമുള ഹോട്ടൽ പ്രതിഭ, മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലെ ഹോട്ടൽ മുഗൾ എന്നീ ഹോട്ടലുകളിൽ കൂപ്പൺ സ്വീകരിക്കുന്നതാണെന്നും ഇന്ന് മുതൽ കൂപ്പണുകൾ ലഭിച്ചു തുടങ്ങുമെന്നും റോട്ടറി ഭാരവാഹികൾ അറിയിച്ചു.

ക്യാപ്ഷൻ

തൊടുപുഴ ഡി.വൈ.എസ്.പി കെ. സദന് അന്നപൂർണ്ണം തൊടുപുഴ പദ്ധതിയുടെ സൗജന്യ കൂപ്പൺ കൈമാറിക്കൊണ്ട് മോഹൻലാൽ അന്നപൂർണ്ണം പദ്ധതി ഉദ്ഘാടനം ചെയ്യുന്നു