transdormer

ഇടുക്കി:ഇരുപത് വർഷത്തെ കാലതാമസത്തിന് ശേഷമാണ് മുല്ലപ്പെരിയാറിൽ വൈദ്യുതി പുനസ്ഥാപിക്കാനായത്. ഡാമിന്റെ ഷട്ടറുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിനും ഗ്യാലറിയിൽ സ്ഥാപിച്ചിട്ടുള്ള വിവിധ തരം ഉപകരണങ്ങളിൽ നിന്നുള്ള അളവുകൾ ലഭിക്കുന്നതിനും ഡാമിലുള്ള കോളനി വൈദ്യുതി സ്വീകരിക്കുന്നതിനു വേണ്ടിയും 1980 ൽ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഈ പ്രദേശത്ത് വൈദ്യുതി ലഭ്യമാക്കിയിരുന്നു. എന്നാൽ അന്ന് സ്ഥാപിച്ച ലൈനിന്റെ കാലപ്പഴക്കം മൂലവും വന്യജീവികൾക്ക് ഭീഷണി ഉണ്ടാകുന്നതായി കണ്ടതിനാലും വനംവകുപ്പിന്റെയും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെയും അനുമതിയോടെ 2000 ത്തിൽ കണക്ഷൻ താൽക്കാലികമായി വിച്ഛേദിക്കുകയാണുണ്ടായത്. തുടർന്ന് 2003 ൽ നടത്തിയ മന്ത്രിതല ചർച്ചയിൽ ഓവർ ഹെഡ് ലൈനിന് പകരം വള്ളക്കടവിൽ നിന്ന് മുല്ലപ്പെരിയാർ ഡാം സൈറ്റിലേക്ക് 11 കെ.വി ഭൂഗർഭ കേബിൾ സ്ഥാപിച്ച് വന്യ ജീവികൾക്ക് ഭീഷണിയാകാത്ത രീതിയിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ തീരുമാനമായി. ഇതിനു വേണ്ടി വരുന്ന മുഴുവൻ തുകയും തമിഴ്‌നാട് സർക്കാർ വഹിച്ചു കൊള്ളാമെന്ന് അറിയിച്ചു. 5.125 കിലോമീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനുള്ള ഭരണാനുമതി ലഭിക്കുകയും തുടർന്ന് 2005 ൽ തമിഴ്‌നാട് സർക്കാർ 91 ലക്ഷം രൂപ ബോർഡിന് നൽകുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ വനം വകുപ്പിൽ നിന്നുള്ള അനുമതി ലഭ്യമാകാൻ കാലതാമസം നേരിട്ടതിനാൽ ജോലി നീണ്ടുപോവുകയും കോൺട്രാക്ടർ ജോലി ഉപേക്ഷിച്ചു. തുടർന്ന് 2016 ൽ കേബിൾ റൂട്ടിൽ ചില വ്യത്യാസങ്ങൾ വരുത്തി കേബിളിന്റെ നീളം 5.125 കിലോമീറ്ററിൽ നിന്ന് 5.65 കിലോമീറ്ററായി പുനർ നിശ്ചയിച്ചു. ഭരണാനുമതിയിൽ മാറ്റം വരുത്തുകയും തുക ഒരു കോടി 65 ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തു. ആവശ്യമായ മിച്ചം തുക തമിഴ്‌നാട് സർക്കാർ 2016 ൽ നൽകി. ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനായി 0.2583 ഹെക്ടർ വനഭൂമി ആവശ്യമായി വന്നു. 2020 ജനുവരി ഒന്നിന് തുക വനംവകുപ്പിന് കൈമാറുകയും ചെയ്തു. തുടർന്ന് പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ജോലി തുടങ്ങുന്നതിനുള്ള അനുമതി നൽകുകയും ജോലികൾ 2021 ജനുവരി 13 ന് മുൻപായി പൂർത്തീകരിക്കണമെന്ന നിർദ്ദേശവും നൽകി.