തൊടുപുഴ: കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ വഴക്കുണ്ടാക്കിയതിന് ആറര വയസുകാരനെ മർദ്ദിച്ച വൃദ്ധയ്ക്കെതിരെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു. കുമ്പംകല്ല് മലേപറമ്പ് കോളനിയിൽ കുഞ്ഞുമോൾ എന്ന് വിളിക്കുന്ന ഫാത്തിമയ്ക്കെതിരെയാണ് (60) തൊടുപുഴ പൊലീസ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സമപ്രായക്കാരായ കുട്ടികൾ കളിക്കുന്നതിനിടെ പരസ്പരം വഴക്കുണ്ടാക്കുകയായിരുന്നു. ഇതിൽ ഫാത്തിമയുടെ മകന്റെ കുട്ടിയെ തല്ലിയെന്ന് ആരോപിച്ച് ഇവർ ആറര വയസുകാരന്റെ കൈ പിന്നിലേക്ക് കെട്ടി നെഞ്ചിലടക്കം കൈ കൊണ്ട് മർദ്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ ശിശുക്ഷേമസമിതിക്കും തൊടുപുഴ പൊലീസിലും പരാതി നൽകി. ഇന്നലെ കുട്ടിയെ മർദ്ദിച്ച സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ച് ബന്ധുക്കളും സ്ത്രീകളടക്കമുള്ള നാട്ടുകാരും പ്രതിഷേധവുമായി തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി. അതേസമയം സംഭവത്തിൽ മൂന്ന് ദിവസം മുമ്പ് തന്നെ കേസെടുത്തിട്ടുണ്ടെന്ന് തൊടുപുഴ സി.ഐ സുധീർ മനോഹർ പറഞ്ഞു. അതേസമയം ഒരു വിഭാഗം തന്റെ വീട് ആക്രമിച്ചതായി ഫാത്തിമയും തൊടുപുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.