മുട്ടം: മലങ്കര അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ 30 സെ.മീ. വീതം ഉയർത്തുമെന്ന് എം വി ഐ പി അധികൃതർ അറിയിച്ചു. മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉല്പാദനം പരമാവധിയിലെത്തിയതിനെ തുടർന്ന് മലങ്കര അണക്കെട്ടിലേക്ക് പുറന്തള്ളുന്ന വെളളത്തിന്റെ അളവ് വർദ്ധിച്ചു. ഇന്നലെ വൈകിട്ട് അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 42 മീറ്ററായി ഉയർന്നു. നിലവിൽ ഒരു ഷട്ടർ 10 സെ.മീ. ഉയർത്തിയിട്ടുണ്ട്. രണ്ട് കനാലിലൂടെ വെള്ളം കടത്തി വിടുന്നുമുണ്ട്. ഷട്ടറുകൾ ഉയർത്തിയതിനെ തുടർന്ന് തൊടുപുഴ, മുവാറ്റുപുഴ ആറിന്റെ തീരങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.