വണ്ണപ്പുറം: മാർ സ്ലീവ ടൗൺ പള്ളിയിൽ നടന്ന മോഷണ കേസിൽ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 12ന് നടന്ന മോഷണത്തിൽ പള്ളിയിലെ രണ്ട് ഭണ്ഡാരങ്ങളിലെ പണവും ഉണ്ണിമിശിഹായുടെ രൂപത്തിൽ കിടന്നിരുന്ന സ്വർണമാലയും മോഷണം പോയിരുന്നു. മോഷ്ടാവ് കൊവിഡ് നിരീഷണത്തിലായിരുന്നതിനാലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതിന് താമസം നേരിട്ടെതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് ആറോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കാളിയാർ എസ്.ഐ വി.സി. വിഷ്ണു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളിയിൽ എത്തിച്ചത്. പ്രതി കുറ്റം സമ്മതിക്കുകയും മോഷണം നടത്തിയ രീതി പൊലീസിന് വിശദീകരിച്ച് നൽകുകയും ചെയ്തു. പള്ളിയിൽ നിന്ന് മോഷ്ടിച്ച സ്വർണമാല തൊട്ടടുത്തുള്ള വണ്ണപ്പുറം ഹിറ സ്‌കൂളിന്റെ മതിലിന് ഉള്ളിലേക്ക് വലിച്ചെറിഞ്ഞത് പ്രതി പൊലീസിന് കാണിച്ച് നൽകി. തുടർന്ന് ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് പൊലീസ് തൊണ്ടിമുതൽ കണ്ടെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരായ അനീഷ്, സത്താർ, രാജേഷ് എന്നിവരും വണ്ണപ്പുറം പള്ളി വികാരി ഫാ. ജോസഫ് കോയിത്താനത്ത്, ഫാ. അലക്‌സ് താണിക്കുന്നേൽ, ദേവാലയ ശുശ്രൂഷി ജിയോ ജോസഫും തെളിവെടുപ്പ് സമയത്തുണ്ടായിരുന്നു.