തൊടുപുഴ: കാർഷികമേഖലയ്ക്ക് ഉത്തേജന പാക്കേജ്, വിനോദസഞ്ചാര മേഖലയ്ക്ക് കൈത്താങ്ങ്... കേന്ദ്ര ബഡ്ജറ്റിൽ ഇടുക്കിയുടെ പ്രതീക്ഷ വാനോളമായിരുന്നു. എന്നാൽ കിട്ടിയതാകട്ടെ വട്ടപൂജ്യം. മലയോര ജനതയുടെ സ്വപ്ന പദ്ധതിയായ ശബരി റെയിൽ പാതയെക്കുറിച്ച് ഒരക്ഷരം പോലും ബഡ്ജറ്റിൽ പരാമർശമില്ല. ശബരി റെയിൽ പദ്ധതിയുടെ ആകെ ചെലവിന്റെ അമ്പത് ശതമാനം സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ 24 വർഷമായിട്ടും പുരോഗതിയില്ലാതിരുന്ന പദ്ധതി ട്രാക്കിലാക്കാൻ കേന്ദ്രബഡ്ജറ്റിൽ എന്തെങ്കിലും പ്റഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതാണ് വിഫലമായത്. തുടർച്ചയായ രണ്ട് പ്രളയങ്ങളിലും കൊവിഡിലും തകർന്ന ടൂറിസം മേഖലയെയും കാർഷികമേഖലയെയും ഉത്തേജിപ്പിക്കുന്ന പദ്ധതികളും കാര്യമായി ബഡ്ജറ്റിലില്ല. 170 കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില വർദ്ധിപ്പിക്കാന്നുള്ള നീക്കം മാത്രമാണ് കർഷകർക്ക് ആശ്വാസമായത്.
മൂന്ന് കോടി രൂപ റബർ ബോർഡിന് അധികമായി നൽകിയതും എടുത്തു പറയാവുന്ന പ്റഖ്യാപനമാണ്. എന്നാൽ പശ്ചിമ ബംഗാളിലെയും ആസാമിലെയും തേയില തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി 1000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചപ്പോൾ കേരളത്തെ ഒഴിവാക്കി. വിളകൾക്ക് വേണ്ടത്ര വില കിട്ടാതെയും കൃഷി നശിച്ചും ദുരിതത്തിലായി ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കർഷകർക്ക് കാർഷിക കടാശ്വാസ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല. ടൂറിസം മേഖലയിൽ കാര്യമായ ഒന്നും ബഡ്ജറ്റിൽ പരാമർശിക്കാത്തത് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ നിരാശരാക്കി.
'തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ ലക്ഷ്യം വച്ച് പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച യാതൊരു പ്രഖ്യാപനവും ഉണ്ടായില്ല. ഇടുക്കിയിൽ തോട്ടം മേഖല കനത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും പീരുമേട്ടിൽ തോട്ടങ്ങൾ ഇപ്പോഴും പൂട്ടി കിടക്കുകയുമാണ്. ഇത്തരം സാഹചര്യത്തിൽ ഒരു പാക്കേജിൽ നിന്ന് ഒഴിവാക്കപ്പെട്ടത് തികഞ്ഞ അവഗണനയാണ്. കേരളത്തെ കൂടി ഉൾപ്പെടുത്തണമെന്ന് പാർലമെന്റിൽ ആവശ്യപ്പെടും. "
-ഡീൻ കുര്യാക്കോസ് എം.പി