തൊടുപുഴ: ജൽജീവൻമിഷനിൽ ഉൾപ്പെടുത്തി കുമാരമംഗലം കുടിവെള്ള പദ്ധതി 142 കോടി മുടക്കി ജലവിതരണ യോഗ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചു വരുന്നതായും നബാർഡിൽ നിന്നും 56 കോടി രൂപ അധിക സഹയധനം സ്വീകരിച്ചുകൊണ്ട് വെള്ളിയാമറ്റം കുടിവെള്ളപദ്ധതിയും ഉടൻ പൂർത്തീകരിക്കുമെന്ന് ഡീൻ കുര്യാക്കോസ് .എം. പി പറഞ്ഞു.
കളക്ടറേറ്റ് ഐടി മിഷൻ ഹാളിൽ വച്ച് ഓൺ ലൈനായി നടന്ന 202021 സാമ്പത്തികവർഷത്തെ നാലാം പാദ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എം.പി. ജില്ലാ കളക്ടർ എച്ച് ദിനേശൻ , ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ സാജു സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ആവശ്യക്കാർക്ക് എല്ലാം കുടിവെള്ളം ലഭ്യമാകുന്ന വിപുലമായ പദ്ധതി 2024 ഓടെ പൂർത്തിയാക്കാൻ ജലജീവൻ മിഷൻ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളതായും ഇക്കാര്യങ്ങൾ വിലയിരുത്തുന്നതിനായി ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഒരു പ്രത്യേക യോഗം പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ശേഷം ചേരുമെന്നും എംപി പറഞ്ഞു.
സ്വന്തമായി കെട്ടിടമില്ലാത്ത എല്ലാ അംഗൻവാടികൾക്കും, കെട്ടിടങ്ങൾക്കും, ടോയ്‌ലറ്റുകൾ ഇല്ലാത്തവക്ക് ടോയ്‌ലറ്റുകളും ഈ സാമ്പത്തിക വർഷത്തിൽ തന്നെ പൂർത്തിയാക്കാനും ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സ്മാർട്ട് അംഗൻവാടികൾ നിർമ്മിക്കുവാനും ഉള്ള പദ്ധതികൾ തയ്യാറാക്കുവാൻ എംപി ആവശ്യപ്പെട്ടു. ശിശുവികസനപദ്ധതി രംഗം നേരിടുന്ന ബുദ്ധിമുട്ടുകൾ കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയെ നേരിട്ട് കണ്ടു ധരിപ്പിക്കുമെന്ന് എം.പി യോഗത്തിൽ അറിയിച്ചു.
യുവാക്കൾക്ക് കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഉതകുംവിധം പി എം ഇ ജി പി പദ്ധതി അർഹരായ അപേക്ഷകർക്കെല്ലാം ലഭ്യമാക്കുവാനും പി.എം.പി.ജി.പി പദ്ധതിയുടെ ലക്ഷ്യം പൂർണ തോതിൽ കൈവരിക്കുന്നതിന് ബാങ്കുകൾ തയ്യാറാകണമെന്നും എംപി നിർദ്ദേശിച്ചു.