പീരുമേട്: കേന്ദ്ര ബഡ്‌ജറ്റിൽ ഇടുക്കിയിലെ തേയില തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി തുക വകയിരുത്താതിനെതിരെ കേന്ദ്ര സർക്കാരിന് നിവേദനം. മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാട സാമിയാണ് നിവേദനം നൽകിയത്. പീരുമേട്ടിലെ തേയില തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനു വേണ്ടി ആയിരം കോടി രൂപയുടെ സ്‌പെഷ്യൽ പാക്കേജ് ബഡ്ജറ്റിൽ ഉണ്ടാവണമെന്നു കാണിച്ചു കഴിഞ്ഞ നവംബറിൽ കേന്ദ്ര സർക്കാരിന് നിവേദനം നൽകിയിരുന്നു. നിർദ്ദേശത്തിന്മേൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര സർക്കാരിന്റെ മറുപടിയും ലഭിച്ചിരുന്നു. പക്ഷേ, ബഡ്ജറ്റ് അവതരണ വേളയിൽ ആയിരം കോടി രൂപയുടെ പാക്കേജ് അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തേയില തോട്ടം തൊഴിലാളികൾക്ക് വേണ്ടി മാറ്റി വച്ചെങ്കിലും കേരളത്തിന് ഒന്നും ലഭിച്ചില്ല. ഈ സാഹചര്യത്തിൽ പാക്കേജിൽ കേരളത്തെക്കൂടി ഉൾപ്പെടുത്തണമെന്നു ചൂണ്ടി കാണിച്ചാണ് നിവേദനം നൽകിയിരിക്കുന്നത്.