മറയൂർ: മൂന്നാറിലെ ടൂറിസം പാക്കേജ് വിജയപ്രദമായതോടെ കെ. എസ്. ആർ. ടി. സി കാന്തല്ലൂർകാഴ്ച്ചകൾ കാണുന്നതിനുള്ള പ്രത്യേക സർവ്വീസ് ആരംഭിച്ചു. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ കാന്തല്ലൂർ , മറയൂർ മേഖല സന്ദർശിച്ച് മടങ്ങുന്നതിനുള്ള ടൂറിസം പാക്കേജാണ് ആരംഭിച്ചത്. പെപ്പർ ടൂറിസം പദ്ധതിയിൽ സംസ്ഥാന സർക്കാർ കാന്തല്ലൂർ പഞ്ചായത്തിനെയും ഉൾപ്പെടുത്തിയതിനെ തുടർന്ന് എസ്. രാജേന്ദ്രൻ എം.എൽ.എയുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ് മൂന്നാറിൽ നിന്ന് മറയൂർ കാന്തല്ലൂർ മേഖലയിലേക്ക് ടൂറിസ്റ്റുകളുമായി കെ.എസ്.ആർ.ടി.സി ബസ് യാത്ര ആരംഭിച്ചത്. രാവിലെ 9.30ന് മൂന്നാറിൽ നിന്ന് ആരംഭിക്കുന്ന യാത്ര ലക്കം വെള്ളച്ചാട്ടം, മറയൂർ ചന്ദന റിസർവ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ഒരു മണിക്ക് കാന്തല്ലൂരിൽ എത്തിചേരും. ആപ്പിൾ തോട്ടം, പച്ചക്കറി പാടങ്ങൾ എന്നിവ സന്ദർശിച്ച ശേഷം തിരികെ അഞ്ചിന് കാന്തല്ലൂരിൽ എത്തുന്ന തരത്തിലാണ് യാത്ര സജീകരിച്ചിരിക്കുന്നത്. 300 രൂപയാണ് ഒരു സഞ്ചാരിയിൽ നിന്ന് ഇടാക്കുന്നത്. ജനുവരി ഒന്നിന് മൂന്നാറിൽ നിന്ന് ടോപ് സ്റ്റേഷനിലേക്ക് ആരംഭിച്ച കെ.എസ്.ആർ.ടി.സി സർവീസ് വൻ വിജയം ആയതോടെയാണ് പെപ്പർ ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട കാന്തല്ലൂരിലേക്കും സർവീസ് ആരംഭിച്ചത്. സഞ്ചാരികളുമായി എത്തിയ ആദ്യ ബസിന് മറയൂരിലും കാന്തല്ലൂരിലും സ്വികരണം നൽകി.