
രണ്ടാഴ്ച മുമ്പ് ഇടുക്കി മാങ്കുളത്ത് പുള്ളിപുലിയെ പിടികൂടി കൊന്ന് കറിവച്ച് കഴിച്ചത് വലിയ വാർത്തയായിരുന്നു. അധികം കേട്ടുകേൾവിയില്ലാത്ത കൗതുകമുണർത്തുന്ന സംഭവമായിരുന്നു ഇത്. പ്രതികൾ ഒരു മാസത്തോളം കാത്തിരുന്ന് കെണിയൊരുക്കിയാണ് പുലിയെ പിടികൂടിയതെന്നും പുലിത്തോൽ ലക്ഷങ്ങൾക്ക് വിൽക്കാൻ ശ്രമിച്ചെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ പ്രതികളുടെ കുടുംബാംഗങ്ങളും നാട്ടുകാരും പറഞ്ഞ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രദേശവാസികളുടെ വളർത്തുമൃഗങ്ങളെ നിരന്തരം പുലി പിടിച്ചു കൊണ്ടുപോയി കൊല്ലുന്നുണ്ടെന്നത്. സന്ധ്യ മയങ്ങിയാൽ ഈ മേഖലയിൽ ജനം പുറത്തിറങ്ങാൻ തന്നെ പേടിക്കുകയാണെന്ന്. പലവട്ടം വനംവകുപ്പ് ഉദ്യോഗസ്ഥരടക്കരടക്കമുള്ളവർക്ക് പരാതി നൽകി പൊറുതി മുട്ടിയിട്ടാണത്രേ പ്രതികൾ പുലിക്ക് കെണിയൊരുക്കിയത്. പുലിയെ പിടികൂടി കൊന്ന് കറിവച്ച് കഴിച്ച ശേഷം പുലിത്തോൽ വിൽക്കാൻ ശ്രമിച്ചത് സമാനതകളില്ലാത്ത കുറ്റകൃത്യമാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അതിന് ഹേതുവായതെന്ന് നാട്ടുകാർ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാവില്ല. അത് മാങ്കുളംകാരുടെ മാത്രമല്ല വനമേഖലയോട് ചേർന്ന് അധിവസിക്കുന്ന ജനങ്ങളുടെയെല്ലാം പൊതുപ്രശ്നമാണ്. പുലി മാത്രമല്ല, കടുവയും കരടിയും ആനയും കാട്ടുപന്നിയും കാട്ടുപോത്തും കുരങ്ങുമെല്ലാം വനാതിർത്തികളിലെ കൃഷി ഭൂമികളിൽ വിഹരിക്കുകയാണ്. കാടിറങ്ങുന്ന കാട്ടാനക്കൂട്ടം തന്നെയാണ് കർഷകന്റെ എക്കാലത്തെയും വലിയ ഭയം. നാട്ടിലെത്തിയാൽ ആർക്കും തടുക്കാൻ കഴിയാത്ത ശക്തിയാണവർ. കാടിനുള്ളിൽ ഭക്ഷണമില്ലാതാവുമ്പോഴാണ് ആനക്കൂട്ടം നാട്ടിലേക്കിറങ്ങുന്നത്. ആന കരിമ്പിൻകാട്ടിൽ കയറിയ പോലെയെന്ന ചൊല്ല് അന്വർത്ഥമാക്കുംവിധം എല്ലാം തിന്നു നശിപ്പിച്ച ശേഷമാകും കാട്ടിലേക്കുള്ള മടക്കം. ഇതിനിടെ വഴിയിൽ കാണുന്ന വീടുകളും ഷെഡുകളുമെല്ലാം നശിപ്പിക്കും. മുന്നിൽപ്പെട്ടാൽ മനുഷ്യരെയും ഇല്ലാതാക്കും. കാട്ടുപന്നിയുടെ ശല്യവും അതിരൂക്ഷമാണ്. വാഴ, ചേന, ചേമ്പ് ഉൾപ്പെടെയുള്ള കൃഷികളാണ് വ്യാപകമായി നശിപ്പിക്കുന്നത്. ജാതി, ഗ്രാമ്പു, തെങ്ങ്, കൊടി, റബർ തൈകളെയും പന്നിക്കൂട്ടം വെറുതെവിടാറില്ല. ജൈവകൃഷി രീതിയിൽ വിളകൾ വളർത്തുമ്പോൾ ധാരാളമായി മണ്ണിരകൾ ഉണ്ടാകും. ഇഷ്ടഭക്ഷണമായ മണ്ണിരയെ ആഹാരമാക്കുന്നതിനാണ് തൈകളുടെ ചുവട് ഉഴുതു മറിക്കുന്നത്. കൂട്ടമായെത്തുന്ന പന്നികൾ കൃഷിക്കാരെ ഉപദ്രവിക്കാറുമുണ്ട്. മഴയെത്തിയാൽ മുള്ളൻപന്നിയുടെ ശല്യവും പതിവാണ്. ഹൈറേഞ്ചിലെ പ്രധാന കൃഷിയായ ഏലം കർഷകരുടെ പേടിസ്വപ്നം വാനരന്മാരാണ്. പ്രളയശേഷം കൃഷി പച്ചപിടിച്ച് വരുമ്പോഴാണു കുരങ്ങുകൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത്. തമിഴ്നാട് വനമേഖലയിൽ നിന്നാണു വാനരക്കൂട്ടം എത്തുന്നത്. ഏലത്തിനു പുറമേ വാഴ, കപ്പ, തെങ്ങ്, കവുങ്ങ്, ജാതി കൃഷികളും കുരങ്ങുകൾ നശിപ്പിക്കും. തക്കം കിട്ടിയാൽ ഇവറ്റകൾ വീടുകളിലെ ഭക്ഷണവസ്തുക്കളും കവരുമെന്ന് കർഷകർ പറയുന്നു. കർഷകരുടെ അന്നം മുടക്കുന്നവരിൽ കാട്ടുപോത്ത് കൂട്ടങ്ങളും ഉൾപ്പെടുന്നു. ഇടുക്കിയിൽ ഒരു വർഷം മുമ്പ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനംവകുപ്പ് താത്കാലിക വാച്ചർ മരിച്ചിരുന്നു. മ്ലാവിന്റെ ശല്യവും ഇവിടെയുണ്ട്. റബറിന്റെയും കൊക്കോയുടെയും തൊലി കടിച്ചു നശിപ്പിക്കുകയാണ് മ്ലാവിന്റെ രീതി. ഇപ്പോൾ പുലിയും കൂടിയെത്തിയതോടെ ജനങ്ങളുടെ ഉറക്കം നഷ്ടമായി. കഴിഞ്ഞ മാസം കന്നിമലയിൽ കടുവയെയും മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ പുലിയെയും കണ്ടെത്തിയിരുന്നു. കൃഷി നശിപ്പിക്കുന്നത് കൂടാതെ കടുവയും പുലിയും നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെയും ഇല്ലാതാക്കുന്നതാണ് കർഷകരെ സങ്കത്തിലാക്കുന്നത്. കഴിഞ്ഞയാഴ്ച വണ്ടിപ്പെരിയാറിൽ പുലിയിറങ്ങി പശുവിനെ കടിച്ചുകൊന്നിരുന്നു. നെല്ലിമല എസ്റ്റേറ്റിലിറങ്ങിയ പുലിയെ കണ്ട് എസ്റ്റേറ്റ് വാച്ചർ ഓടി രക്ഷപ്പെടുകയായിരുന്നു. ജനവാസകേന്ദ്രമായ ഇവിടെ മുമ്പും പുലി ഇറങ്ങി കന്നുകാലികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.
ഒന്നും ചെയ്യാതെ സർക്കാർ
വന്യമൃഗങ്ങൾ വനമേഖലയിൽ നിന്ന് ജനവാസമേഖലയിലേക്ക് എത്തിയിട്ടും തടയാൻ സർക്കാരിന് സാധിക്കുന്നില്ല. വനംവകുപ്പിന്റെ ട്രെഞ്ചുകൾക്കും വൈദ്യുതി വേലിക്കുമൊന്നും മൃഗങ്ങളുടെ കടന്നുവരവിനെ ചെറുക്കാൻ കഴിയുന്നില്ല. മലയാറ്റൂർ വനമേഖലയിൽ നിന്ന് ആനക്കുളത്ത് എത്തുന്ന ആനകൾ പുഴമുറിച്ചു കടന്ന് കൃഷിയിടത്തിലേക്ക് എത്തുന്നത് തടയാൻ അരക്കോടിയോളം മുടക്കി നിർമിച്ച ഉരുക്ക് വടം വേലി പ്രയോജനപ്പെട്ടിട്ടില്ല. പുലിയെയും കടുവയുമൊക്കെ കണ്ട പ്രദേശങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി കാമറയ്ക്കൊപ്പം പ്രദേശത്ത് ഒരു ഗാർഡിനെ നിയമിക്കാമെന്നല്ലാതെ മറ്റു പരിഹാര മാർഗങ്ങളൊന്നും വനം വകുപ്പിനും മുന്നോട്ടു വയ്ക്കാനില്ല. ഭക്ഷണവും വെള്ളവും തേടിയാണ് വന്യമൃഗങ്ങളിൽ ഭൂരിഭാഗവും ജനവാസമേലയിലേക്കെത്തുന്നത്. കാടിനുള്ളിൽ തന്നെ ആവശ്യമായ ഭക്ഷണവും വെള്ളവും സജ്ജമാക്കുന്ന പദ്ധതിയൊരുക്കണമെന്നാണ് കർഷകസംഘടനകൾ ആവശ്യപ്പെടുന്നത്. അത്തരം ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിക്കാതെ ഇപ്പോഴും ട്രെഞ്ചും വൈദ്യുതിവേലികളും കെട്ടുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്.
ഭൂമിയുടെ അവകാശികൾ
ഈ ഭൂമി എല്ലാവർക്കും ഒരു പോലെ അവകാശപ്പെട്ടതാണ്. അതിജീവിക്കാനാണ് എല്ലാ ജീവികളും പോരാടുന്നത്. കർഷകരും വന്യമൃഗങ്ങളുമായുള്ള ഏറ്റുമുട്ടലിന് കുടിയേറ്റകാലത്തോളം പഴക്കമുണ്ട്. എന്നാൽ നിരന്തരം മനുഷ്യനും വന്യമൃഗങ്ങളും തമ്മിൽ പോരടിക്കുന്നത് ആധുനികസമൂഹത്തിന് ഭൂഷണമല്ല. കാട്ടിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം പരിധിവിട്ടപ്പോഴാണ് കാട്ടിലുള്ളവർ നാട്ടിലേക്കിറങ്ങി തുടങ്ങിയതെന്ന ചരിത്രം വിസ്മരിക്കാനാകില്ല. എങ്കിലും മൃഗങ്ങളോട് പ്രകടിപ്പിക്കുന്ന സ്നേഹത്തിന്റെ ഒരു ശതമാനമെങ്കിലും കാടിനോട് ചേർന്ന് കിടക്കുന്ന മനുഷ്യരോടും കാണിക്കണമെന്നാണ് ഇവരുടെ അപേക്ഷ. ഒരു ആനയോ പുലിയോ കൊല്ലപ്പെട്ടാൽ അന്വേഷിക്കാനും കേസെടുക്കാനുമെല്ലാം അധികൃതരുണ്ട്. എന്നാൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ എത്ര മനുഷ്യർ കൊല്ലപ്പെടുന്നു, എത്ര കുടുംബം അനാഥമാകുന്നു, എത്ര വീടുകളും കൃഷിയിടങ്ങളും തകർക്കപ്പെടുന്നു എന്നതിന്റെയെല്ലാം കണക്ക് നിങ്ങളുടെ കൈവശമുണ്ടോയെന്ന് കർഷകർ ചോദിക്കുന്നു. തുടർച്ചയായ രണ്ട് പ്രളയങ്ങളോടും കൊവിഡിനോടും മല്ലിട്ട് മലയോര ജനത നട്ടുവളർത്തുന്നതെല്ലാം കാട്ടുവിട്ടിറങ്ങുന്ന വന്യമൃഗങ്ങൾ തച്ചു തകർക്കുമ്പോൾ അന്നം തരുന്ന കർഷകന്റെ ഈ ചോദ്യം ഒരു സർക്കാരിനും അവഗണിക്കാനാവില്ല.