വണ്ണുപ്പുറം : തൊടുപുഴ താലൂക്കിൽ ഏറ്റവും കൂടുതൽ രോഗികളെത്തുന്ന വണ്ണപ്പുറം പി.എച്ച്.സി. ജനങ്ങളുടെ സൗകര്യാർത്ഥം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. പഞ്ചായത്തിലെ മുള്ളരിങ്ങാട്, പുളിയ്ക്കത്തൊട്ടി, പട്ടയക്കുടി, വാൽപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന ആദിവാസികളും സാധാരണക്കാരുമടങ്ങിയ നൂറുകണക്കിന് ആളുകൾക്ക് 30 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ദിവസവും ഇവിടെ ചികിത്സക്ക് വരുന്നത്. കിടത്തി ചികിത്സ ആവശ്യമായി വന്നാൽ വീണ്ടും 20 കിലോമീറ്റർ സഞ്ചരിച്ച് തൊടുപുഴയിൽ എത്തണം. തൊടുപുഴയിൽ നിലവിൽ താലൂക്കാശുപത്രി ഇല്ലാത്ത സാഹചര്യത്തിൽ വണ്ണപ്പുറം പി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തിയാൽ കൂടുതൽ ഡോക്ടർമാരുടെ സേവനവും കിടത്തി ചികിത്സയും ലഭിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. യോഗത്തിൽ കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ജോജോ അറയ്ക്കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി മെമ്പർ അഗസ്റ്റിൻ വട്ടക്കുന്നേൽ, പി.ജി ജോയി, ബിജു ആർപ്പത്താനത്ത്, അപ്പച്ചൻ, തങ്കച്ചൻ മേട്ടുംപുറം, ഷാജി മൈലയ്ക്കൽ, ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.