അടിമാലി : മഹാമാരിക്ക് ശേഷം ക്ഷീരകർഷകർ തിരിച്ച് വരവിന്റെ പാതയിലാണെന്ന് ക്ഷീരവികസന മന്ത്രി കെ രാജു. അടിമാലിയിൽ നിർമ്മാണം പൂർത്തീകരിച്ച മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടിമാലി മച്ചിപ്ലാവിലാണ് പുതിയ ആശുപത്രി കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്. അടിമാലിയിലെ മൃഗാശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് ഏറെനാളായി ആവശ്യമുയർന്നിരുന്നു. ഗ്രാമപഞ്ചായത്ത് അനുവദിച്ച ഭൂമിയിൽ 75 ലക്ഷം രൂപ മുടക്കിയാണ് മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ പൂർത്തീകരിച്ചിട്ടുള്ളത്. മച്ചിപ്ലാവിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു അദ്ധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ എം ദിലീപ് പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ മികച്ച ക്ഷീരകർഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം സോളി ജീസസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ കൃഷ്ണമൂർത്തി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജിജിമോൻ ജോസഫ്, ഡോ. വി ശെൽവം, തുടങ്ങിയവർ പങ്കെടുത്തു.