ഇടുക്കി: സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെനടപ്പിലാക്കുന്ന 2 ലക്ഷം രൂപ മുതൽ 4 ലക്ഷം രൂപ വരെ പദ്ധതി തുകക്കുള്ള ലഘു വ്യവസായ യോജനയ്ക്കു കീഴിൽ വായ്പ അനുവദിക്കുന്നതിനായി പട്ടികജാതിയിൽപ്പെട്ട തൊഴിൽ രഹിതരായ യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
18നും 55നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാർഷിക വരുമാനം 3,00,000 രൂപയിൽ കവിയാൻ പാടില്ല. അനുവദനീയമായ വായ്പാ തുക വിനിയോഗിച്ച് വിജയ സാദ്ധ്യതയുള്ള ഏതൊരു സ്വയംതൊഴിൽ സംരംഭത്തിലും (കൃഷിഭൂമി വാങ്ങൽ/ മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാം.
തെരെഞ്ഞടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്. വായ്പ തുക 6 ശതമാനം വാർഷിക പലിശ നിരക്കിൽ 5 വർഷം കൊണ്ട് തിരിച്ചടക്കണം.
താൽപ്പര്യമുള്ളവർ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 04862 232365, 9400068506