ഇടുക്കി: പാഞ്ചാലിമേട് പൈതൃക ഭൂമിയിലെ ക്ഷേത്രത്തിലേക്കുള്ള വഴി അടച്ച് ഭക്തജനങ്ങൾക്ക് ക്ഷേത്രദർശനം വിലക്കിയതായി ആരോപിച്ച് ടൂറിസം പ്രമോഷൻ കൗൺസിൽ നടപടിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഹിന്ദു ഐക്യവേദി. ക്ഷേത്രഭൂമി കൈയ്യേറാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു. ക്ഷേത്ര ഭൂമി കയ്യേറി വഴിയടച്ചതറിഞ്ഞ് നേതാക്കൾ സ്ഥലം സന്ദർശിച്ചു.
വള്ളിയാംകാവ് ഭദ്രകാളി ക്ഷേത്രത്തിലെ മൂലസ്ഥാനമായ പാഞ്ചാലിമേട്ടിൽ പൗരാണികകാലം മുതൽ ക്ഷേത്രമുണ്ടായിരുന്നതായി രേഖകളുണ്ടെന്ന് ഇ.എസ്. ബിജു പറഞ്ഞു. ഇപ്പോൾ ക്ഷേത്ര ഭൂമി വ്യാജരേഖ ചമച്ച് ഭൂമാഫിയ കൈയേറുകയും മതശക്തികൾ കുരിശ് സ്ഥാപിച്ച് കൈയ്യടക്കിയിട്ടും സർക്കാർ തലത്തിൽ ഒരു നടപടിയുമുണ്ടായില്ല.
ഡിടിപിസിയുടെ നേതൃത്വത്തിൽ ക്ഷേത്രഭൂമി കൈയ്യേറി കവാടം സ്ഥാപിച്ചതോടെ 10 രൂപ പ്രവേശന ഫീസ് നൽകി ദർശനം നടത്തേണ്ട ഗതികേടിലാണ് ഭക്തർ. ഭക്തജനങ്ങൾക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം ദേവ ചൈതന്യാനന്ദ സരസ്വതി, ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ജയകൃഷ്ണൻ, ജില്ലാ സംഘടനാ സെക്രട്ടറി സി.ഡി. മുരളീധരൻ, ജില്ലാ സെക്രട്ടറി മോഹനൻ അയ്യപ്പൻകോവിൽ, ട്രഷറർ എം.കെ. നാരായണമേനോൻ, പീരുമേട് താലൂക്ക് ജന. സെക്രട്ടറി എസ്.പി രാജേഷ്, ആർഎസ്എസ് ജില്ലാ വ്യവസ്ഥാ പ്രമുഖ് ടി.ആർ. ബിനു എന്നിവരടങ്ങുന്ന സംഘമാണ് പാഞ്ചാലിമേട് സന്ദർശിച്ചത്.