office

ചെറുതോണി: സബ് ട്രഷറി ഓഫീസ് പണിയാൻ സ്ഥലം അനുവദിച്ച് 11 വർഷം കഴിഞ്ഞിട്ടും കെട്ടിടം നിർമ്മിക്കാതെ പൈനാവ് സബ്ട്രഷറി. നിലവിൽ പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് സബ്ട്രഷറി ഓഫീസ് പ്രവർത്തിക്കുന്നത്. ഇടുങ്ങിയ മുറികളുമുള്ള കെട്ടിടത്തിൽ ഇടപാടുകാർക്ക് നിന്നു തിരിയാനുള്ള സ്ഥലം പോലുമില്ലാത്ത അവസ്ഥയിലാണ്. കാലപ്പഴക്കം മൂലം പലയിടത്തും ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയുന്ന അവസ്ഥയല്ല നിലവിലുള്ളത്. കെട്ടിടമിരിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 15 സെന്റ് സ്ഥലം, കെട്ടിടം നിർമ്മിക്കാനായി ട്രഷറി വകുപ്പിന് കൈമാറിയിട്ടുള്ളതാണ്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അനുമതിപത്രം പഞ്ചായത്ത് അധികൃതർ പഞ്ചായത്ത് ഡയറക്ടറേറ്റിലേക്ക് അയച്ചിട്ട് ആറുവർഷം കഴിഞ്ഞു. നേരത്തെ തന്നെ അനുവദിക്കപ്പെട്ട സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിൽ സാങ്കേതിക തടസങ്ങൾ ഒന്നുമില്ലെന്നിരിക്കെ സബ്ട്രഷറി ഓഫീസ് നിർമ്മാണം വൈകുന്നതിൽ ദുരൂഹതയുണ്ടെന്ന് ജീവനക്കാർ പറയുന്നു. ജില്ലാ ട്രഷറി ഓഫീസ് മൂലമറ്റത്ത് വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ജില്ലാ ഓഫീസുകൾ ജില്ലാ ആസ്ഥാനത്ത് തന്നെ പ്രവർത്തിക്കണമെന്നും വാടക കെട്ടിടം ഒഴിവാക്കണമെന്നും സർക്കാർ ഉത്തരവുള്ളതാണ്. അതിനാൽ സബ്ട്രഷറിക്ക് അനുവദിച്ച സ്ഥലത്ത് ജില്ലാ ട്രഷറി ഓഫീസുകൂടി പ്രവർത്തിക്കത്തക്ക രീതിയിൽ കെട്ടിടം പണിതാൽ ജില്ലയിലെ മുഴുവൻ സർക്കാർ ജീവനക്കാർക്കും കരാറുകാർക്കും ഇതുപ്രയോജനമാണെന്ന് നാട്ടുകാരും ജീവനക്കാരും പറയുന്നു.