തൊടുപുഴ: പാതിവഴിയിൽ ഉപേക്ഷിച്ചതും വർഷങ്ങളായി നിർമ്മാണം പൂർത്തിയാക്കാതെ കോടികൾ നഷ്ടം വരുത്തുന്നതുമായ പദ്ധതികളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. റവന്യൂ ടവർ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, കാഞ്ഞിരമറ്റം പാലം, കാരിക്കോട് ജനറൽ ആശുപത്രി എന്നീ പദ്ധതികളെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണം. ഒരു കോടി രൂപ ഖജനാവിൽ നിന്ന് ചെലവഴിച്ചതിനു ശേഷം റവന്യൂ ടവർ പാതി വഴിയിൽ ഉപേക്ഷിച്ചു.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് കെട്ടിടവും കാഞ്ഞിരമറ്റം പാലവും ഒരേ കോൺടാക്ടറാണ് കരാർ ഏറ്റെടുത്ത് നിർമ്മാണം ആരംഭിച്ചത്. കോടിക്കണക്കിന് രൂപ കരാറുകാരന് മാറിനൽകിയിട്ടും യാതൊരു പ്രയോജനവും പൊതുജനങ്ങൾക്ക് ഉണ്ടായിട്ടില്ല. പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നത് മുതൽ കെടുകാര്യസ്ഥതയും ബാഹ്യ ഇടപെടലും ഉണ്ടായിട്ടുണ്ട്. കോടികൾ ചിലവഴിച്ചിട്ടും പദ്ധതികൾ പ്രയോജനപ്പെടാതെ പോകുന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നിയോജകമണ്ഡലം കമ്മിറ്റി നിവേദനത്തിൽ ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, നേതാക്കളായ പ്രൊഫ. കെ.ഐ. ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, ബെന്നി പ്ലാക്കൂട്ടം, മാത്യു വാരികാട്ട്, അഡ്വ ബിനു തോട്ടുങ്കൽ എന്നിവരാണ് നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്.