dharna

ചെറുതോണി: കർഷകതൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കുടിശിക തീർത്ത് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള കർഷക തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ തടിയമ്പാട് കർഷക തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസ് പടിക്കൽ ധർണ്ണ നടത്തി.
60 വയസ് പൂർത്തീകരിച്ചവർക്ക് ആനുപാതികമായി നൽകേണ്ട തുക എത്രയും വേഗം നൽകുക, പ്രസവാനുകൂല്യം, വിവാഹസഹായം, ചികിത്സാ സഹായം, മരണാനന്തര സഹായം എന്നിവ കുടിശിക തീർത്ത് വിതരണം ചെയ്യുക, കോവിഡ് രോഗികൾക്കുള്ള 7500 രൂപ ധനസഹായം പുനരാരംഭിക്കുക, 60 വയസ് കഴിയുന്നവർക്കുള്ള സഹായം പ്രതിവർഷം 2500 രൂപയാക്കിയും വിവാഹസഹായം, ചികിത്സാ സഹായം, മരണാനന്തര സഹായം എന്നിവ 6000 രൂപയാക്കിയും ഉയർത്തുക, വിദ്യാഭ്യാസ സ്‌കോളർഷിപ്പ് 60 ശതമാനത്തിനു മേൽ മാർക്ക് വാങ്ങുന്നവർക്കെല്ലാം നൽകുക, കർഷക തൊഴിലാളി പെൻഷൻ 5000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തിയത്.
സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാത്യു കൈച്ചിറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ പി.വൈ. ജോസഫ്, ജോയി പെരുവന്താനം, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ഒ.എസ്.മണി, തങ്കച്ചൻ കുന്നപ്പള്ളി, പൊന്നമ്മ സുഗതൻ എന്നിവർ പ്രസംഗിച്ചു.