
തൊടുപുഴ: ഏതൊരു രാജ്യത്തെയും ജനങ്ങളുടെ ആയുസ്സും ആരോഗ്യവും തീരുമാനിക്കപ്പെടുന്നത് കാർഷിക മേഖലയുമായി ബന്ധപ്പെട്ടാണെന്നും അതിനാൽ അതിജീവിക്കേണ്ടവർ കർഷകരാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് പറഞ്ഞു. ആദരിക്കപ്പെടേണ്ടവർ തെരുവിൽ അപമാനിക്കപ്പെടുകയാണെന്നും ഇക്കാര്യത്തിൽ കർഷകരോട് പുറംതിരിഞ്ഞു നിൽക്കുന്ന കേന്ദ്രസർക്കാർ സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊടുപുഴ കർഷകപ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രത്തിലെ 56-ാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകപ്രക്ഷോഭ ഐക്യദാർഢ്യസമിതി ജില്ലാ ചെയർമാൻ പ്രൊഫ. എം.ജെ. ജേക്കബ് അദ്ധ്യക്ഷനായി. ജനറൽ കൺവീനർ എൻ. വിനോദ്കുമാർ, ഗാന്ധിദർശൻവേദി വൈസ് ചെയർമാൻ പി.എൻ. സെബാസ്റ്റ്യൻ, നിഷാ സോമൻ, പ്രൊഫ .ജോയ് മൈക്കിൾ, കെ.എം. സാബു, ജെയിംസ് കോലാനി, സിബി സി. മാത്യു, സെബാസ്റ്റ്യൻ എബ്രാഹം, മനോജ് കുറ്റിക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.