തൊടുപുഴ: കൈയേറ്റങ്ങൾ മൂലം റോഡിന് വീതി കുറ‌ഞ്ഞ് അപകട പാതയായി കാഞ്ഞിരമറ്റം- മങ്ങാട്ടുകവല ബൈപ്പാസ് മാറുന്നു. വഴിയോര കച്ചവട സ്ഥാപനങ്ങളുടെ മുമ്പിൽ ഇവ വാങ്ങാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ഗതാഗത കുരുക്ക് ഉണ്ടാകുന്നുണ്ട്. കൂടാതെ ടാറിങ്ങിന്റെയും കോൺക്രീറ്റിങ്ങിന്റെയും മെഷിനുകൾ റോഡരികിലാണ് ഇട്ടിരിക്കുന്നത്. ഇതിനെല്ലാം പുറമെ റോഡ് കുത്തിപ്പൊളിച്ചു കല്ലും ടാറും കലർന്ന മെറ്റലും റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നു. ചൊവ്വാഴ്ച രാത്രി കൃഷ്ണ ഓയിൽ മില്ലിന് സമീപം ഒരു കാർ റോഡരികിലെ കോൺക്രീറ്റ് മിക്‌സിംഗ് മെഷീനിലേയ്ക്ക് ഇടിച്ചു കയറി അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ കൊണ്ട് പോകുന്ന റിക്കവറി വാഹനങ്ങളും ഇതേ റോഡിൽ പാർക്ക് ചെയ്യുന്നുണ്ട്. ഇത്രയും ഗതാഗത പ്രശ്‌നങ്ങളുണ്ടെങ്കിലും അത് പരിഹരിക്കാൻ അധികൃതർ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.