തൊടുപുഴ : യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിലെത്തിയാൽ അയ്യായിരം രൂപ പ്രതിമാസം നൽകുമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. പറഞ്ഞു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അറുപത് വയസ്സ് കഴിഞ്ഞ ആദായ നികുതിയില്ലാത്ത മുഴുവൻ പേർക്കും പ്രതിമാസം അയ്യായിരം രൂപ നൽകും. ഈ കാര്യം യു.ഡി.എഫ്. അംഗീകരിച്ചിട്ടുണ്ടെന്നദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ചും വ്യക്തമായ നയം യു.ഡി.എഫ് സ്വീകരിച്ചിട്ടുണ്ട്. 1964 ലെയും 1993 ലെയും ഭൂമി പതിവു നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി ഭേദഗതി ചെയ്യും. വന്യമൃഗങ്ങളിൽ നിന്നും കർഷകരെ സംരക്ഷിക്കാൻ വ്യക്തമായ പദ്ധതി കൊണ്ടുവരും. പാവപ്പെട്ടവർക്ക് സൗജന്യമായി ചികിത്സ ലഭ്യമാകാൻ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്ന കാര്യവും ചർച്ച ചെയ്തുവരികയാണ്. എൽ.ഡി.എഫ്. സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ചു. അയ്യായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഒരു രൂപ പോലും അനുവദിച്ചില്ല. കാർഷികോത്പ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പു വരുത്താൻ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. റബ്ബറിന് 160 രൂപയുള്ളപ്പോഴാണ് പത്തുരൂപ മാത്രം അധികം തറവില നിശ്ചയിച്ചത്. റബ്ബറിന്റെയും തേങ്ങയുടെയും മറ്റു സുഗന്ധവിളയുടെയും ഉല്പാദനച്ചിലവിന്റെ ഒന്നര ഇരട്ടി തറവില നിശ്ചയിക്കണമെന്ന നയം സർക്കാർ കാറ്റിൽ പറത്തിയതായി ജോസഫ് ആരോപിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ കാലത്ത് 4.55 ലക്ഷം പാവപ്പെട്ടവർക്ക് വീടു വച്ചു നൽകിയിട്ടുള്ളതായും, ലക്ഷക്കണക്കിന് സാധാരണക്കാർക്ക് മുഖ്യമന്ത്രി നടത്തിയ ജനസമ്പർക്ക പരിപാടികളിലൂടെ നേരിട്ട് സഹായം നൽകിയതായും ജോസഫ് പറഞ്ഞു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കെ.ഫ്രാൻസിസ് ജോർജ്, മാത്യു സ്റ്റീഫൻ, ഷീലാ സ്റ്റീഫൻ, അഡ്വ. ജോസി ജേക്കബ്, എം. മോനിച്ചൻ, ജോസ് പൊട്ടൻപ്ലാക്കൽ, നോബിൾ ജോസഫ്, സുരേഷ് വാലുമ്മേൽ, ജോയി കൊച്ചുകരോട്ട്, അഡ്വ. എബി തോമസ്, ബിനു തുടങ്ങിയവർ പ്രസംഗിച്ചു.