ഇടുക്കി: മുമ്പെങ്ങും ഇല്ലാത്ത വിധം വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങി എല്ലാം തച്ചുതകർക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ മലയോരജനത . തുടർച്ചയായ രണ്ട് പ്രളയങ്ങളോടും കൊവിഡിനോടും മല്ലിട്ട് ഇടുക്കിയിലെ കർഷകർ നട്ടുവളർത്തുന്നതും പോറ്റുവളർത്തുന്നതുമെല്ലാം കാട്ടുമൃഗങ്ങൾ വിഴുങ്ങുന്നത് ഭയന്ന് നോക്കിയിരിക്കേണ്ട ഗതികേടിലാണ് കർഷകൻ. കാട്ടാനയും കാട്ടുപന്നിയും കാട്ടുപോത്തും കുരങ്ങും തുടങ്ങി പുലിയും കടുവയും കരടിയും വരെ വനാതിർത്തികളിലെ കൃഷി ഭൂമികളിൽ വിഹരിക്കുകയാണ്. ഇക്കൂട്ടത്തിൽ കാട്ടാന തന്നെയാണ് ഇടുക്കിയിലെ കർഷകന്റെ എക്കാലത്തെയും പേടി സ്വപ്നം. ഇക്കാലത്തിനിടെ കാട്ടാന കവർന്നെടുത്ത ജീവനും സ്വത്തിനും കണക്കില്ല. ഭക്ഷണം തേടി നാട്ടിലിറങ്ങുന്ന ആനക്കൂട്ടം കരിമ്പിൻകാട്ടിൽ കയറിയ പോലെയെന്ന ചൊല്ല് അന്വർത്ഥമാക്കുംവിധം എല്ലാം തിന്നു നശിപ്പിച്ച ശേഷമാകും മടങ്ങുക. ഇതിനിടെ വഴിയിൽ കാണുന്ന വീടുകളും ഷെഡുകളുമെല്ലാം നശിപ്പിക്കും. മുന്നിൽപ്പെട്ടാൽ മനുഷ്യരെയും ഇല്ലാതാക്കും. കാട്ടുപന്നിയുടെ ശല്യവും അതിരൂക്ഷമാണ്. വാഴ, ചേന, ചേമ്പ്, ജാതി, ഗ്രാമ്പു, തെങ്ങ്, കൊടി ഉൾപ്പെടെയുള്ള കൃഷികളാണ് വ്യാപകമായി നശിപ്പിക്കുന്നത്. കൂട്ടമായെത്തുന്ന പന്നികൾ കൃഷിക്കാരെ ഉപദ്രവിക്കാറുമുണ്ട്. മഴയെത്തിയാൽ മുള്ളൻപന്നിയുടെ ശല്യവും പതിവാണ്. ഏലം കർഷകർ ഏറ്റവുമധികം ഭയപ്പെടുന്നത് വാനരന്മാരെയാണ്. പ്രളയശേഷം പച്ചപിടിച്ച് വരുന്ന കൃഷി കുരങ്ങുകൾ കൂട്ടമായെത്തി നശിപ്പിക്കുന്നത്. തമിഴ്‌നാട് വനമേഖലയിൽ നിന്നാണു വാനരക്കൂട്ടം എത്തുന്നത്. ഏലത്തിനു പുറമേ വാഴ, കപ്പ, തെങ്ങ്, കവുങ്ങ്, ജാതി കൃഷികളും കുരങ്ങുകൾ നശിപ്പിക്കും. തക്കം കിട്ടിയാൽ ഇവറ്റകൾ വീടുകളിലെ ഭക്ഷണവസ്തുക്കളും കവരുമെന്ന് കർഷകർ പറയുന്നു. കർഷകരുടെ അന്നം മുടക്കുന്നവരിൽ കാട്ടുപോത്ത് കൂട്ടങ്ങളും ഉൾപ്പെടുന്നു. ഇടുക്കിയിൽ ഒരു വർഷം മുമ്പ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനംവകുപ്പ് താത്കാലിക വാച്ചർ മരിച്ചിരുന്നു. മ്ലാവിന്റെ ശല്യവും ഇവിടെയുണ്ട്. റബറിന്റെയും കൊക്കോയുടെയും തൊലി കടിച്ചു നശിപ്പിക്കുകയാണ് മ്ലാവിന്റെ രീതി. ഇപ്പോൾ പുലിയും കൂടിയെത്തിയതോടെ ജനങ്ങളുടെ ഉറക്കം നഷ്ടമായി. കഴിഞ്ഞ മാസം കന്നിമലയിൽ കടുവയെയും മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ പുലിയെയും കണ്ടെത്തിയിരുന്നു. കൃഷി നശിപ്പിക്കുന്നത് കൂടാതെ കടുവയും പുലിയും നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെയും ഇല്ലാതാക്കുന്നതാണ് കർഷകരെ സങ്കത്തിലാക്കുന്നത്. കഴിഞ്ഞയാഴ്ച വണ്ടിപ്പെരിയാറിൽ പുലിയിറങ്ങി പശുവിനെ കടിച്ചുകൊന്നിരുന്നു. നെല്ലിമല എസ്റ്റേറ്റിലിറങ്ങിയ പുലിയെ കണ്ട് എസ്റ്റേറ്റ് വാച്ചർ ഓടി രക്ഷപ്പെടുകയായിരുന്നു. ജനവാസകേന്ദ്രമായ ഇവിടെ മുമ്പും പുലി ഇറങ്ങി കന്നുകാലികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.
ഇരുട്ടിൽത്തപ്പി വനംവകുപ്പ്
വന്യമൃഗങ്ങൾ വ്യാപകമായി ജനവാസമേഖലയിലിറങ്ങി നാശം വിതച്ചിട്ടും വനംവകുപ്പിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. വനംവകുപ്പിന്റെ ട്രെഞ്ചുകൾക്കും വൈദ്യുതി വേലിക്കുമൊന്നും മൃഗങ്ങളുടെ കടന്നുവരവിനെ ചെറുക്കാൻ കഴിയുന്നില്ല. ഭക്ഷണവും വെള്ളവും തേടിയാണ് വന്യമൃഗങ്ങളിൽ ഭൂരിഭാഗവും ജനവാസമേലയിലേക്കെത്തുന്നത്. കാടിനുള്ളിൽ തന്നെ ഇവയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും സജ്ജമാക്കുന്ന പദ്ധതിയൊരുക്കണമെന്നാണ് കർഷകസംഘടനകൾ ആവശ്യപ്പെടുന്നത്. അത്തരം ക്രിയാത്മകമായ പദ്ധതികൾ ആവിഷ്‌കരിക്കാതെ ഇപ്പോഴും ഫലപ്രദമല്ലാത്ത ട്രെഞ്ചും വൈദ്യുതിവേലികളും കെട്ടുന്നതിനെക്കുറിച്ച് മാത്രമാണ് സർക്കാർ ആലോചിക്കുന്നത്.