കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും
തൊടുപുഴ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാർഷിക വികസനകർഷക ക്ഷേമ വകുപ്പ് വട്ടവട പഴത്തോട്ടത്ത് ഒരുക്കിയ സവാള കൃഷിയുടെ വിളവെടുപ്പ് വെള്ളിയാഴ്ച രാവിലെ 10ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. പഴത്തോട്ടത്ത് 43 ഏക്കറിൽ സർക്കാർ ഭൂമി പാട്ടത്തിന് നൽകി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായുള്ള ഒന്നര ഏക്കർ സ്ഥലത്തെ വിളവെടുപ്പാണ് നടക്കുകയെന്ന് പ്രിൻസിപ്പൽ കൃഷി ആഫീസർ വി.ടി. സുലോചന, ഡെപ്യൂട്ടി ഡയറക്ടർ വി.കെ. സജിമോൾ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് രണ്ടിന് മൂന്നാർ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാതല കർഷക അവാർഡ് വിതരണം കൃഷി മന്ത്രിയും സാക്ഷ്യപത്ര വിതരണം വൈദ്യുതി മന്ത്രി എം.എം. മണിയും നിർവഹിക്കും. 61 ജില്ലാ പുരസ്‌കാരങ്ങളാണ് നൽകുക. 11 സംസ്ഥാന കർഷക പുരസ്‌കാരങ്ങൾക്ക് ജില്ല അർഹമായിരുന്നു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എസ്. രാജേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
785 ഹെക്ടറിൽ കൃഷി
ജില്ലയിൽ 785 ഹെക്ടറിലാണ് ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി വിവിധ കൃഷിയിനങ്ങൾ തരിശ് നിലത്ത് കർഷകർ വിളയിച്ചെടുക്കുന്നത്. നെൽകൃഷി (48 ഹെക്ടർ), പച്ചക്കറി (250 ഹെക്ടർ), വാഴ (209 ഹെക്ടർ), പയർ (27 ഹെക്ടർ), കിഴങ്ങുവർഗം (208 ഹെക്ടർ), 50 ഹെക്ടറിൽ ആദിവാസി മേഖലയിൽ ചെറുധാന്യങ്ങൾ എന്നിവയാണ് വിളയിക്കുന്നത്. നെല്ല്, പച്ചക്കറി എന്നിവയ്ക്ക് ഹെക്ടറിന് 40,000 രൂപയും വാഴ, പയർ വർഗം എന്നിവക്ക് 35,000 രൂപയും ചെറുധാന്യങ്ങൾ, കിഴങ്ങ് എന്നിവക്ക് 30,000 രൂപയും സബ്‌സിഡി നൽകും.