മൂന്നാർ: പൊലീസ് സ്റ്റേഷനുകൾ വൃത്തിയും വെടിപ്പുമുളളതാകേണ്ടത് നാടിന്റെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.മൂന്നാറിൽ നിർമ്മാണം പൂർത്തീകരിച്ച ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിന്റെതടക്കമുള്ള വിവിധ പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓൺലൈനായി നടന്ന സംസ്ഥാനതല ഉദ്ഘാടനത്തിൽ മന്ത്രിമാരായ എം എം മണി, എ കെ ബാലൻ, ജി മേഴ്‌സികുട്ടിയമ്മ, കെ രാജു, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹറയടക്കമുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. .മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കനിമൊഴി നാടമുറിച്ച് മൂന്നാറിലെ ജില്ലാ പൊലീസ് പരിശീലന കേന്ദ്രം നാടിന് സമർപ്പിച്ചു.തുടർന്ന് നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് തുടങ്ങിയവർ വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. മൂന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പീറ്റർ,മൂന്നാർ ഡിവൈഎസ്പി ടി. എ ആന്റണി,തുടങ്ങിയവർ സംബന്ധിച്ചു.പോലീസ് സേനാംഗങ്ങൾക്കായുള്ള വിവിധ ക്ലാസുകൾ, ജനമൈത്രി ബോധവൽക്കരണക്ലാസുകൾ തുടങ്ങിയവക്കെല്ലാം ജില്ലാ പൊലീസ് പരിശീലന കേന്ദ്രം ഇനിമുതൽ ഉപയോഗിക്കാം.