kumali

കുമളി:കുമളി ഗവ. വി.എച്ച്.എസ്.എസ് ആന്റ് ടി .ടി.ഐക്കായി നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച രാവിലെ 10ന് വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും.

കിഫ്ബി ഫണ്ടിൽനിന്നും അനുവദിച്ച മൂന്ന് കോടി രൂപയും ഇഎസ് ബിജിമോൾ എൽ.എ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 99 ലക്ഷം രൂപയും ചേർത്ത് 3 കോടി 99 ലക്ഷം രൂപ മുതൽ മുടക്കിയാണ് ഹൈടെക് സൗകര്യങ്ങളുള്ള പുതിയ മന്ദിരം നിർമ്മിച്ചിരിക്കുന്നത്

മന്ദിരത്തിലെ താഴത്തെ നിലയിൽ വിശാലമായ ഡൈനിങ് ഹാൾ ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള ,വാഷ് ഏരിയ, സ്റ്റോർ റൂം എന്നിവ ക്രമീകരിച്ചിട്ടുണ്ട് ഒന്നാംനിലയിൽ 8 ക്ലാസ് റൂമുകൾ, സയൻസ് പാർക്ക്, പ്രിൻസിപ്പാൾ റൂം ,ഓഫീസ് റൂം എന്നിവയാണ് ഒരുക്കിയിട്ടുള്ളത് . കുട്ടികളുടെ മാനസിക ആരോഗ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പ്രത്യേകമായി കൗൺസലിംഗ് മുറിയും സജ്ജീകരിച്ചിട്ടുണ്ട് . പുതിയ കെട്ടിടം പൂർത്തിയായതോടെ എൽ.പി യു.പി ക്ലാസ് റൂമുകളും ഹൈടെക് നിലവാരത്തിലേയ്ക്ക് എത്തിച്ചേർന്നിരിക്കുന്നു.

വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും . മന്ത്രി എംഎം മണി, ഡീൻ കുര്യാക്കോസ് എം.പി എന്നിവർ മുഖ്യാതിഥികളായിരിക്കും. ഇ.എസ് ബിജിമോൾ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും.

സയൻസ് പാർക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ .ഫിലിപ്പ് നിർവഹിക്കും. ജില്ലാ കളക്ടർ എച്ച് ദിനേശൻ, അഴുത പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് ,കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻഎന്നിവർ യോഗത്തിൽ പങ്കെടുക്കും.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് റിപ്പോർട്ട് അവതരിപ്പിക്കും.