വണ്ടിപ്പെരിയാർ : വണ്ടിപ്പെരിയാർ സ്റ്റേറ്റ് വെജിറ്റബിൾ ഫാമിൽ പൂർത്തിയാക്കിയ ഫാം ടൂറിസം പദ്ധതിയുടെയും വീട്ടുപടിക്കൽ വിപണി പദ്ധതിയുടെയും ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 ന് മൂന്നാറിൽ നടക്കുന്ന ജില്ലാ കാർഷിക മേളയിൽ കൃഷി മന്ത്രി വി എസ് സുനിൽ കുമാർ വീഡിയോ കോൺഫ്രൻസിലൂടെ നിർവ്വഹിക്കും. സഞ്ചാരികൾക്കായി ഇൻഫർമേഷൻ സെന്റർ, സെയിൽസ് കൗണ്ടർ, സീറോ വേസ്റ്റ് പവലിയൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇ .എസ് .ബിജിമോൾ എംഎൽഎ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മന്ത്രി എംഎം മണി മുഖ്യപ്രഭാഷണം നടത്തും. ഡീൻ കുര്യാക്കോസ് എം. പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
വിപണന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം കൃഷിക്കാർ ഉത്പ്പാദിപ്പിക്കുന്ന ജൈവ ഉത്പ്പനങ്ങൾക്ക് ശരിയായ വില ലഭിക്കുന്നില്ല എന്ന വിഷയത്തിന് പരിഹാരമാണ് പീരുമേട് നിയോജകണ്ഡലത്തിലെ ഒൻപതു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വീട്ടുമുറ്റത്തൊരു വിപണി എന്ന സഞ്ചരിക്കുന്ന ജൈവ വിപണി പദ്ധതി.
'വീട്ടുപടിക്കൽ വിപണി' പദ്ധതിക്കായി വാങ്ങിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കർമ്മവും ചടങ്ങിൽ നടക്കും. സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ വാഴൂർ സോമൻ ,അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്‌കറിയ , വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം ഉഷ ,പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോമിന സജി, ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ ജേക്കബ് ,ത്രിതല പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുക്കും.