മൂലമറ്റം:സ്വകാര്യ മേഖലയിലെ മികച്ച ഡ്രൈവർക്കുള്ള സംസ്ഥാന സർക്കാരിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നേടിയ ഇടവെട്ടി ഉറുമ്പനാൽ ജോർജ് വർഗീസിന് (60). ഇരുപത്തിരണ്ടാം വയസിലാണ് ജോർജിന് ലൈസൻസ് കിട്ടുന്നത്. പിന്നെ ആറ് വർഷം തൊടുപുഴയിൽ ഓട്ടോ ഓടിച്ചു. അതിന് ശേഷമാണ് ഭാരവാഹനങ്ങൾ ഓടിച്ചു തുടങ്ങിയത്. ഒരു ഗ്യാസ് ഏജൻസിയിലായിരുന്നു ആദ്യം.
അവിടെയും ആറ് വർഷത്തെ സേവനം. 18 വർഷം മുമ്പാണ് ഇപ്പോൾ ജോലി ചെയ്യുന്ന ക്രഷറിൽ എത്തുന്നത്. സ്ഥാപനം അധികൃതരാണ് അവാർഡിനായി ജോർജിന്റെ പേര് ജില്ലാ ലേബർ ഓഫീസിൽ നിർദേശിച്ചത്.
കൊവിഡൊക്കെ ആയതിനാൽ ജോലി കുറവാണ്. പുരസ്‌കാരത്തിനൊപ്പം കിട്ടുന്ന ഒരു ലക്ഷം രൂപ തനിക്കും കുടുംബത്തിനും വലിയ സഹായമാകുമെന്ന് ജോർജ് പറയുന്നു.
സെലിനാണ് ഭാര്യ. സിജി, സിജോ എന്നിവർ മക്കളാണ്.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ തൊഴിൽമന്ത്രി ടി.പി.രാമകൃഷ്ണൻ ജോർജിന് പുരസ്‌കാരം കൈമാറും.