
 ശുദ്ധജല വിപുലീകരണ പദ്ധതി യാഥാർത്ഥ്യം
തൊടുപുഴ: ഇനി തൊടുപുഴ നഗരത്തിൽ കുടിവെള്ളം മുട്ടില്ല. നഗരസഭയിലെ ശുദ്ധജല ദൗർലഭ്യം കണക്കിലെടുത്ത് നഗരസഭാ പ്രദേശത്തേക്കുള്ള ശുദ്ധജല വിതരണ വിപുലീകരണ പദ്ധതി യാഥാർത്ഥ്യമായി. കിഫ്ബിയുടെ സഹായത്തോടെ 34 കോടി വിനിയോഗിച്ചാണ് പദ്ധതി പൂർത്തിയായത്. തൊടുപുഴ നഗരസഭയിലും ഇടവെട്ടി പഞ്ചായത്തിലും നിലവിലുള്ള ശുദ്ധജല വിതരണ പദ്ധതിയിൽ നിന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് ജലവിതരണം നടത്തിയിരുന്നത്. ഇത് മൂലം പല പ്രദേശങ്ങളിലും ആവശ്യമായ കുടിവെള്ളം ലഭിച്ചിരുന്നില്ല. ഇതിന് പരിഹാരം കാണാനാണ് 2017 ജനുവരിയിൽ ശുദ്ധജല വിപുലീകരണ പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നഗരസഭാ പ്രദേശത്ത് 150 ലിറ്റർ പതിദിന ഉപഭോഗം കണക്കാക്കി 15 ദശലക്ഷം ലിറ്റർ ശേഷിയിലുള്ള പുതിയ ശുദ്ധീകരണ ശാല നിലവിലുള്ള ശുദ്ധീകരണശാലയ്ക്ക് സമീപം പണി കഴിപ്പിച്ചു. മൂപ്പിൽ കടവ് പാലത്തിനടുത്ത് തൊടുപുഴയാറ്റിൽ നിന്ന് ജലം ശേഖരിയ്ക്കുന്നതിനായി 12 മീറ്റർ വ്യാസമുള്ള കിണറും അനുബന്ധ പമ്പിംഗ് സംവിധാനവും ഏർപ്പെടുത്തി. ഇതിനായി 175 എച്ച്.പി ശേഷിയിൽ മൂന്ന് പമ്പ് സെറ്റുകൾ സ്ഥാപിച്ച് അവിടെ നിന്ന് 1.80 കിലോമീറ്റർ ദൂരത്തിൽ 600 മി.മി വ്യാസമുള്ള ഡി.ഐ പൈപ്പുകൾ വഴി ജലം ശുദ്ധീകരണ ശാലയിൽ എത്തിക്കും. ശുദ്ധീകരണ പ്രകിയകൾക്ക് ശേഷം നഗരസഭാ പ്രദേശത്തെ അഞ്ച് സോണുകളായി തിരിച്ച് ഓരോന്നിലും പണി കഴിപ്പിച്ചിട്ടുള്ള ഭൂതല സംഭരണികളിൽ ജലമെത്തിച്ച് നിലവിലെ വിതരണ ശൃംഖലയിലേക്ക് തുറന്നു വിടുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പമ്പിംഗ് മുടങ്ങാതിരിക്കാൻ ട്രാൻസ്‌ഫോർമറുകളും സ്ഥാപിച്ചിട്ടുണ്ട്. 34 കോടി രൂപ കണക്കാക്കിയിരുന്ന പദ്ധതി 30 കോടിയ്ക്ക് പൂർത്തിയാക്കിയെന്നതും പ്രത്യേകതയാണ്. നിലവിൽ 55,000 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഭാവിയിൽ 84,118 പേർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കിഫ്ബി പദ്ധതിയുടെ രണ്ടാം ഘട്ടമായി 82 കോടിയുടെ ഡി.പി.ആർ ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ഇത് യാഥാർത്ഥ്യമായാൽ നഗരസഭയിലെ ആറായിരം വീടുകളിൽ കൂടി കണക്ഷൻ നൽകാനാകും. ഒന്നാംഘട്ട പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
വെള്ളിയാമറ്റം പദ്ധതിയുടെയും ഉദ്ഘാടനം നാളെ
വെള്ളിയാമറ്റം പഞ്ചായത്തിലെ ശുദ്ധജല ദൗർലഭ്യം പരിഹരിയ്ക്കുന്നതിന് വേണ്ടി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ രൂപകൽപ്പന ചെയ്ത സമഗ്ര ജലവിതരണപദ്ധതിയുടെയും ഉദ്ഘാടനം നാളെ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. 2013 നവംബറിൽ 20കോടി രൂപയുടെ ഭരണാനുമതിയും 2014 ഒക്ടോബറിൽ സാങ്കേതികാനുമതിയും ലഭിച്ച പദ്ധതിയാണിത്. അഞ്ച് പാക്കേജുകളായ് ടെണ്ടർ ചെയ്ത് പൂർത്തീകരിച്ച ഈ പദ്ധതിയിൽ വെള്ളിയാമറ്റം പഞ്ചായത്തിലെ 12 വാർഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ സ്രോതസ് കാഞ്ഞാർ ആണ്. കാഞ്ഞാറ്റിൽ നിലവിലുള്ള 9 മീറ്റർ വ്യാസമുള്ള കിണറ്റിൽ ശേഖരിക്കുന്ന ജലം നെല്ലിക്കാമലയിൽ സ്ഥാപിച്ചിരിക്കുന്ന ജലശുദ്ധീകരണശാലയിലേയ്ക്ക് പമ്പ് ചെയ്യും. ശുദ്ധീകരിച്ച ജലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ സംഭരണികളിലേയ്ക്ക് പമ്പ് ചെയ്യും.