തൊടുപുഴ : വെങ്ങല്ലൂർ പാലത്തിൽ നിന്നും ആരംഭിച്ച് ധന്വന്തരി ജംഗ്ഷനിൽ എത്തിച്ചേരുന്ന റിവർവ്യൂ ബൈപാസ് നിർമ്മാണം ത്വരിതഗതിയിൽ പുരോഗമിക്കുന്നതായി പി.ജെ. ജോസഫ് എം.എൽ.എ. അറിയിച്ചു. തൊടുപുഴയാറിന്റെ തീരത്തുകൂടിയാണ് ഈ പുഴയോരം റോഡിന്റെ നിർമ്മാണം
തൊടുപുഴയിലെ ഏറ്റവും മനോഹരമായ ഈ റോഡിന് പന്ത്രണ്ട് മീറ്ററാണ് വീതി. ഗതാഗതാവശ്യത്തിനു പുറമേ തൊടുപുഴയുടെ ടൂറിസം വികസനം കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് റോഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. തൊടുപുഴയിലെ ജനങ്ങൾക്ക് സുരക്ഷിതമായി പ്രഭാത നടപ്പിനു കൂടി ഉദ്ദേശിച്ചാണ് ഈ ബൈപാസ് നിർമ്മിക്കുന്നത്. റോഡിന് പ്രത്യേക നടപ്പാതയുമുണ്ടാകും. തൊടുപുഴ ആറിന്റെ പ്രകൃതി രമണീയത ആസ്വദിക്കാൻ കഴിയും വിധം വൈദ്യുതി വിളക്കുകൾ പ്രത്യേകം സ്ഥാപിക്കും. ബിഎം ആന്റ് ബിസി ടാറിംഗ് നടത്തുന്ന റോഡിൽ സിഗ്നലുകളും പ്രത്യേകം സജ്ജീകരിക്കുന്നുണ്ട്. തൊടുപുഴ ടൗണിലെ എട്ടാമത്തെ ബൈപാസാണിത്. റോഡിനാവശ്യമായ വസ്തു ഏറ്റെടുക്കുന്നതിനു വേണ്ടി ഏഴുകോടി രൂപ ചിലവഴിച്ചു. കൂടുതൽ നഷ്ടപരിഹാരം ലഭിക്കുന്നതിനായി 3.60 കോടി രൂപ കൂടി ഇനിയും ലഭ്യമാകാനുണ്ടെങ്കിലും വസ്തു ഉടമസ്ഥരുടെ അനുമതിയോടുകൂടിയാണ് ഇപ്പോൾ നിർമ്മാണം നടന്നു വരുന്നത്. റോഡിന്റെ നിർമ്മാണ ചിലവ് ആറുകോടി രൂപയാണ്. പി.ജെ.ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ പ്രഖ്യാപിച്ച ശബരിമല കൊടൈക്കനാൽ സംസ്ഥാന പാതയുടെ ഭാഗമായാണ് റോഡ് നിർമ്മാണം ഏറ്റെടുത്തത്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് സ്ഥലമെടുപ്പിനും റോഡു നിർമ്മാണത്തിനും ഭരണാനുമതി നൽകിയത്. ഒരു വർഷത്തിനുള്ളിൽ ബൈപാസിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് ജോസഫ് അറിയിച്ചു.