
സ്കൂൾ മന്ദിരം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഏലപ്പാറ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഏലപ്പാറ ഗവൺമെന്റ് യുപി സ്‌കൂൾ പുതിയ മന്ദിരത്തിന്റ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും.വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ചടങ്ങിൽ അദ്ധ്യക്ഷനാകും. മന്ത്രി തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും.
മന്ത്രി എംഎം മണി, ഡീൻ കുര്യാക്കോസ് എം. പി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും .സംസ്ഥാന പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ സ്വാഗതം പറയും. എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ മൈക്കിൾ സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തും .ഇ എസ് ബിജിമോൾ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും . അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, ഏലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിത്യാ എഡ്വേർഡ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ഓലഷെഡ്ഡിൽ നിന്ന്
ഹൈടെക്കിലേയ്ക്ക്
ഏലപ്പാറയിലെ ആദ്യകാല വിദ്യാഭ്യാസ കേന്ദ്രമായി 1952ൽ സ്ഥാപിതമായ ഗവൺമെന്റ് യുപിസ്‌കൂൾ ആദ്യം ഓലമേഞ്ഞ ഷെഡ്ഡിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. തുടർന്ന് തദ്ദേശവാസികളുടെയും സർക്കാരിന്റെയും ശ്രമഫലമായി നിലവിലുള്ള കെട്ടിടത്തിലേക്ക് വിദ്യാലയം മാറുകയായിരുന്നു.
സ്‌കൂൾ മന്ദിരം ഹൈടെക് ആകുന്നതോടുകൂടി തോട്ടം മേഖലയിലെ സാധാരണക്കാരായ വിദ്യാർത്ഥികൾക്കും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ പ്രാപ്യമാകും.
6 ക്ലാസ് മുറികളും 6ആധുനിക ശുചി മുറികളും ഉൾക്കൊള്ളുന്നതാണ് പുതിയ മികവിനെ കേന്ദ്രം. 99 ലക്ഷം രൂപയുടെ മെസ് ഹാളിന്റെയും അധുനിക അടുക്കളയുടെയും നിർമ്മാണം പുരോഗമിച്ചുവരികയാണ്.