ഇടുക്കി : ജില്ലയിലെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലെ 36 ഹയർ സെക്കന്ററി സ്‌കൂളുകളിൽ ജലഗുണനിലവാര പരിശോധനാ ലാബുകൾ സ്ഥാപിക്കുന്നതിന് 46.29 ലക്ഷം രൂപയുടെ പ്രോജക്ടുകൾക്ക് ജില്ലാ കളക്ടർ ഭരണാനുമതി നൽകി. ഹരിതകേരളത്തിന്റെ ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലെയും ഹയർ സെക്കന്ററി സ്‌കൂളുകളിൽ എംഎൽഎമാരുടെ സഹായത്തോടെ ജല ലാബുകൾ തുറക്കുന്നത്.ജില്ലയിലെ അഞ്ച് എംഎൽഎമാരുടെയും പ്രത്യേക വികസന നിധിയിൽ നിന്നും ജലലാബുകൾ നിർമ്മിക്കുന്നതിന് തുക ചെലവിടുന്നതിനാണ് ജില്ലാ കളക്ടർ എച്ച് ദിനേശൻ അനുമതി നൽകിയത്.
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപ്പറേഷനാണ് ജലലാബുകൾ നിർമ്മിക്കുക. സ്‌കൂളുകളിലെ ലാബിനോടനുബന്ധിച്ചാകും ജലലാബുകളും സ്ഥാപിക്കുക.ലാബുകളുടെ നിർമ്മാണം താമസിയാതെ ആരംഭിക്കുമെന്ന് ഹരിതകേരളം ജില്ലാ കോർഡിനേറ്റർ ഡോ. ജി എസ് മധു അറിയിച്ചു.
ഹയർ സെക്കന്ററി സ്‌കൂളുകളിലെ കെമിസ്ട്രി അദ്ധ്യാപകർക്കായിരിക്കും ലാബുകളുടെ പ്രധാന ചുമതല. ഇദ്ദേഹത്തിന് ഹരിത കേരളം ജലപരിശോധനയിൽ പരിശീലനം നൽകും. തുടർന്ന് ഈ അദ്ധ്യാപകൻ കുട്ടികൾക്കും ജലപരിശോധനയിൽ പരിശീലനം ലഭ്യമാക്കും. പഞ്ചായത്തിൽ ഒരു ഹയർ സെക്കന്ററി സ്‌കൂളുകളിലെങ്കിലും ജലം പരിശോധിക്കാൻ സംവിധാനമൊരുക്കാനാണ് ഹരിതകേരളം തുടക്കത്തിൽ ലക്ഷ്യമിടുന്നത്.
ഫണ്ട് വിഹിതം ഇങ്ങനെ
ഇടുക്കി മണ്ഡലത്തിൽ എംഎൽഎ റോഷി അഗസ്റ്റിന്റെ ഫണ്ടിൽ നിന്നും 12,50,000 രൂപ, പീരുമേട്ടിൽ ഇ എസ് ബിജിമോൾ എംഎൽഎയുടെ ഫണ്ടിൽ നിന്നും 7,50,000രൂപ, ഉടുമ്പഞ്ചോലയിൽ മന്ത്രി എം എം മണിയുടെ നിധിയിൽ നിന്നും 11,25,000 രൂപ, പി ജെ ജോസഫ് എംഎൽഎയുടെ ഫണ്ടിൽ നിന്ന് 7,54,000രൂപ, ദേവികുളത്ത് എസ് രാജേന്ദ്രൻ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 9,00,000ലക്ഷം രൂപ എന്നിങ്ങനെയാണ് തുക വിനിയോഗിക്കുക.