തൊടുപുഴ: നഗരസഭയിലെ ബി.ജെ.പി കൗൺസിലറുടെ വീട്ടിലെ വൈദ്യുതിമോഷണം പിടികൂടിയ വിജിലൻസ് വിഭാഗം 81,000 രൂപ പിഴ ഈടാക്കി. ബി.ജെ.പി കൗൺസിലർ ശ്രീലക്ഷ്മി കെ. സുദീപിന്റെ വീട്ടിലാണ് വൈദ്യുതിമോഷണം പിടികൂടിയത്. തൊടുപുഴ ന്യൂമാൻ കോളേജ് വാർഡ് കൗൺസിലറാണിവർ. ശ്രീലക്ഷ്മിയുടെ അച്ഛൻ തൊടുപുഴ മുതലിയാർമഠം കാവുകാട്ട് കെ.ആർ. സുദീപ് കുമാറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്കുള്ള വൈദ്യുത കണക്ഷനിൽ നിന്നാണ് സമീപത്തെ ഇവരുടെ രണ്ടു വീടുകളിലേക്ക് വൈദ്യുതി മോഷ്ടിച്ചത്. മീറ്ററില്ലാതെ അനധികൃതമായി രണ്ട് കേബിളുകൾ വലിച്ചായിരുന്നു വൈദ്യുതി മോഷണം. രഹസ്യവിവരം ലഭിച്ചത് അനുസരിച്ച് വാഴത്തോപ്പിൽ നിന്നുള്ള ആന്റി പവർ തെഫ്‌റ്റ് വിജിലൻസ് സ്‌ക്വാഡാണ് പരിശോധന നടത്തിയത്. വൈദ്യുതി മോഷണത്തിന് 62,000 രൂപയും നിയമനടപടിക്ക് മുതിരാതിരിക്കാനുള്ള കോംപൗണ്ടിങ് ചാർജ് ഇനത്തിൽ തുകയും ചേർത്താണ് 81,000 രൂപ പിഴ അടപ്പിച്ചത്. കൗൺസിലർ, അച്ഛനുമൊത്ത് തൊടുപുഴ നമ്പർ ടു സെക്ഷൻ ആഫീസിൽ എത്തിയാണ് പിഴ അടച്ചത്. വൈദ്യുതി മോഷണം തുടങ്ങിയത് എത്രനാൾ മുതലെന്ന് വ്യക്തമല്ല. പരമാവധി ആറു മാസത്തെ ഉപയോഗം കണക്കാക്കി പിഴ ഈടാക്കാനേ നിലവിൽ നിയമമുള്ളൂ.

''നിയമപരമായാണ് വൈദ്യുതി ഉപയോഗിച്ചിരുന്നത്. രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിൽ"

- ശ്രീലക്ഷ്മി സുദീപ്