മൂന്നാർ: ഇടമലക്കുടിയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടി കൊന്നു. ഷെഡുകുടിയിൽ സുബ്രഹ്മണ്യനാണ് (38) ഇന്നലെ രാവിലെ മരിച്ചത്. മാതാപിതാക്കൾ മരിച്ച ശേഷം മാനസിക വൈകല്യമുള്ള യുവാവ് ഷെഡുകുടിയിലെ ബന്ധുവീട്ടിലാണ് കഴിഞ്ഞിരുന്നത്.
രാവിലെ ഷെഡുകുടിയിലെ ബന്ധുവീട്ടിൽ നിന്ന് പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റി കുടിയിലേക്ക് വരുന്നതിനിടയിലാണ് കാട്ടാനക്കൂട്ടത്തിന്റെ മുമ്പിൽ പെട്ടത്. ഇയാളെ ആക്രമിച്ച ശേഷം കാട്ടാനക്കൂട്ടം സ്ഥലത്ത് നിന്ന് മാറാതെ മണിക്കൂറുളോളം നിന്നു. നാട്ടുകാർ പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയിട്ടും ഉച്ചകഴിഞ്ഞാണ് കാട്ടാനകൾ ഇവിടെ നിന്ന് മടങ്ങിയത്.
മൂന്നാർ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും വൈകിട്ടോടെ സംഭവ സ്ഥലത്തെത്തി. ഏതാനം മാസങ്ങളായി സൊസൈറ്റി കുടിയിലും പരിസരങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്. രാത്രിയോടെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.