sabola
വട്ടവടയിലെ തോട്ടത്തിൽ നിന്നും കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ സവാള വിളവെടുക്കുന്നു.

സവാളയുടെ വിളവെടുപ്പ് നടന്നു

വട്ടവട: അഞ്ച് വർഷം സംസ്ഥാനത്ത് പച്ചക്കറി ഉത്പ്പാദനത്തിൽ വലിയ വർദ്ധനവുണ്ടായതായി കൃഷി മന്ത്രി വി എസ് സുനിൽകുമാർ.വട്ടവടയിൽ സവാളയുടെയും സ്‌ട്രോബറിയുടെയും വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ശീതകാല പച്ചക്കറികൾ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന ഇടമാണ് ദേവികുളം ബ്ലോക്ക്.ഈ സാഹചര്യത്തിൽ സർക്കാർ ഇവിടേക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്.
പച്ചക്കറിക്ക് വില ലഭിക്കുന്നില്ലെന്ന പരാതി കർഷകർക്കിടയിൽ നിലനിന്നിരുന്നു. അതിന് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിച്ചു.രാജ്യത്താദ്യമായി പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ചത് ഈ സർക്കാരാണ്.പതിനാറിന പച്ചക്കറി ഇനത്തിന് തറവില പ്രഖ്യാപിച്ചത് വട്ടവടയിലെ കർഷകരെ കൂടി ലക്ഷ്യം വച്ചായിരുന്നു. പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരിക്കുന്ന കർഷകർക്ക് ഉൾപ്പെടെ തറവില ലഭിക്കുന്നകാര്യത്തിന് കൃഷി വകുപ്പുദ്യോഗസ്ഥരുടെയും പഞ്ചായത്തിന്റെയും ഇടപെടൽ ഉണ്ടാകണം.വട്ടവടയിലെ കർഷകരുടെ പച്ചക്കറി പൂർണ്ണമായി സംഭരിക്കുന്ന കാര്യത്തിൽ ലക്ഷ്യപ്രാപ്തിയിലെത്തിയിട്ടില്ല. അത് പരിഹരിക്കാൻ ഹോർട്ടി കോർപ്പ് ഔട്ട്‌ലെറ്റുകൾ വർധിപ്പിക്കും.നൂറിലധികം പുതിയ വിതരണ കേന്ദ്രങ്ങൾ തുടങ്ങി.നൂറ്റമ്പതോളം പുതിയ കേന്ദ്രങ്ങൾ ആരംഭിക്കും.
വട്ടവടയിലെ സവാളയുടെ ആദ്യഘട്ട പരീക്ഷണം വിജയമായിരുന്നു. ഒരു മാസം കൂടി പിന്നിട്ടാലെ വിളവ് പൂർണ്ണമാകുകയുള്ളു.വട്ടവടയിലെ മറ്റ് മേഖലയിലേക്കും കൃഷി വ്യാപിപ്പിക്കും. മറ്റ് ശീതകാല പച്ചക്കറി കൃഷിയും വ്യാപിപ്പിക്കും.ഗവേഷണ കേന്ദ്രത്തോടൊപ്പം നടീൽ വസ്തുക്കളുടെ വിതരണമുൾപ്പെടെ സാധ്യമാകുന്ന നേഴ്‌സറി ആരംഭിക്കും. വട്ടവടയെ
സംസ്ഥാനത്തെ കാർഷിക ഭൂപടത്തിലെ പ്രധാന കേന്ദ്രമാക്കും.കർഷകരെ മറന്ന് മുമ്പോട്ട് പോകാനാവില്ലെന്നും അവരാണ് കർഷകരെ ഊട്ടുന്നതെന്നും മന്ത്രി പറഞ്ഞു.കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ വട്ടവട പഞ്ചായത്തിലെ പഴത്തോട്ടം വാർഡിൽ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സവാളയും സ്‌ട്രോബറിയും കൃഷി ചെയ്തിരുന്നത്.. ഗവ. എൽ.പി സ്‌കൂളിൽ ചേരുന്ന പൊതു സമ്മേളനത്തിൽ
വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗണപതിയമ്മാൾ അദ്ധ്യക്ഷത വഹിച്ചു.കൃഷി അഡീഷണൽ ഡയറക്ടർ മാർക്കറ്റിംഗ് മധു ജോർജ് മത്തായി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സജിമോൾ വി കെ, ആത്മ പ്രൊജക്ട് ഡയറക്ടർ സൈജ ജോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സിജി ആന്റണി, ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫീസർ സുലോചന വി റ്റി, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.