മൂന്നാർ: കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ള കാർഷിക നിയമങ്ങൾ കാർഷികമേഖലയെ ദോഷകരമായി ബാധിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.മൂന്നാറിൽ ജില്ലാ കർഷക അവാർഡ് ദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുരുമുളക്, ഏലം തുടങ്ങിയ മേഖലകളിലേക്ക് വിദേശഫണ്ട് നിക്ഷേപിക്കാൻ നേരിട്ടധികാരം നൽകുന്ന നയത്തിനാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുള്ളത്.ഇത് ചെറിയ കർഷകരെ പോലും ബാധിക്കും.നാണ്യവിള മേഖലയിലേക്ക് ഇത്തരകാർക്ക് കടന്ന് വരാൻ അവസരമൊരുക്കിയാൽ അത് അത്യന്തം ഗുരുതരമാകും.കോർപ്പറേറ്റുകളുടെ താൽപര്യമനുസരിച്ച് ഓരോ സംസ്ഥാനത്തേക്കും നേരിട്ട് ഇടപെടലിനുള്ള നിയമമാണ് കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത്.ഇടുക്കിയുടെ ഉൾപ്പെടെ കാർഷികമേഖലയെ അത് ദോഷകരമായി ബാധിക്കും.സംസ്ഥാനതലത്തിൽ ലഭിച്ച പതിനൊന്ന് അവാർഡുകൾക്ക് പുറമെ ജില്ലാതല അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.മൂന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാർഷ് പീറ്റർ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ കൃഷി ഓഫീസർ സുലോചന വി റ്റി, ജോർജ്ജ് സെബാസ്റ്റിയൻ, കൃഷി അഡീഷണൽ ഡയറക്ടർ മാർക്കറ്റിംഗ് മധുജോർജ്ജ് മത്തായി, ദേവികുളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ താഹ എ, തുടങ്ങിയവർ പങ്കെടുത്തു.അവാർഡ് വിതരണ ചടങ്ങിന് ശേഷം എസ് വി എഫ് വണ്ടിപ്പെരിയാർ ഫാം ടൂറിസം, പീരുമേട് ജൈവ കാർഷിക മണ്ഡലം അവാർഡ് വാഹനങ്ങൾ,പീരുമേട് മാർക്കറ്റിംങ്ങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബയോ കൺട്രോൾ ലാബ്, ഹോർട്ടികോർപ്പ് വണ്ടൻമേട് ഉപകേന്ദ്രം തുടങ്ങിയവയുടെ ഉദ്ഘാടനം കൃഷിമന്ത്രി മൂന്നാറിൽ നിന്നും ഓൺലൈനായി നിർവ്വഹിച്ചു.പീരുമേട് എംഎൽഎ ഇ എസ് ബിജിമോൾ ഉൾപ്പെടെ വിവിധ ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.