
തൊടുപുഴ: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർ ഹൗസിലെ ജനറേറ്ററിന്റെ ഐസൊലേറ്ററിൽ പൊട്ടിത്തെറി. ആളപായമില്ല. ഇതേത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി വെദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. പുറത്ത് നിന്ന് കൂടുതൽ വൈദ്യുതി എത്തിച്ചാണ് പ്രശ്നം താത്കാലികമായി പരിഹരിച്ചത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് നാലാം നമ്പർ ജനറേറ്ററിൽ നിന്ന് നിലയത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ഐസൊലേറ്റർ സ്വിച്ചിൽ പൊട്ടിത്തെറിയുണ്ടായത്. ആകെയുള്ള ആറ് ജനറേറ്ററും പ്രവർത്തിക്കുമ്പോഴായിരുന്നു അപകടം. ഇതോടെ എല്ലാ ജനറേറ്ററും നിറുത്തിവച്ചു. പൊട്ടിത്തെറി സമയത്ത് ഉദ്യോഗസ്ഥർ അടുത്തില്ലായിരുന്നത് ഭാഗ്യമായി. അഗ്നിശമന സേന എത്തിയമ്പോഴേക്കും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തീ അണച്ചിരുന്നു. ഭൂഗർഭനിലയത്തിൽ പുക നിറഞ്ഞു.
ജനറേഷൻ ചീഫ് എൻജിനീയർ സിജി ജോസിന്റെ നേതൃത്വത്തിൽ രാത്രി വൈകിയും പരിശോധന തുടരുകയാണ്. രാത്രി 8.45ന് ഒരു ജനറേറ്റർ പുനരാരംഭിച്ചു. മൂന്നെണ്ണം കൂടി പ്രവർത്തിപ്പിക്കാനാണ് ശ്രമം. നാലാം ജനറേറ്ററിന്റെ തകരാർ പരിഹരിച്ചാലും അതുമായി ബന്ധപ്പെട്ട മൂന്നാം ജനറേറ്റർ പരിശോധിച്ച ശേഷമാകും പ്രവർത്തിപ്പിക്കുക. കഴിഞ്ഞവർഷവും ജനറേറ്ററുകൾക്ക് സമാനമായ തകരാർ ഉണ്ടായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം 2021 ജനുവരി 30 നാണ് എല്ലാ ജനറേറ്ററുകളും പ്രവർത്തന സജ്ജമായത്.
വിശ്രമമില്ലാതെ ജനറേറ്ററുകൾ
കേന്ദ്ര പൂൾ വൈദ്യുതിയും ദീർഘകാല കരാർ വൈദ്യുതിയും ഒന്നിച്ച് കുറഞ്ഞ പ്രതിസന്ധി പരിഹരിക്കാൻ അഞ്ച് ദിവസമായി എല്ലാ ജനറേറ്ററുകളും വിശ്രമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു. ഉയർന്ന വിലയിൽ വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനാണ് ഇടുക്കിയിൽ ഉത്പാദനം കുത്തനെ ഉയർത്തിയത്. 12.385 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉത്പ്പാദനം. 130 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകളാണ് നിലയത്തിലുള്ളത്. 780 മെഗാവാട്ടാണ് പൂർണ ശേഷി.