ജൈവകർഷകനുള്ള സംസ്ഥാന അവാർഡ് നേടി പത്ര ഏജന്റ്
തൊടുപുഴ: രാവിലെ നാലര മണിക്ക് പത്ര ഏജന്റായ പള്ളത്ത് പി.സി. ആന്റണിയുടെ ഒരു ദിനം ആരംഭിക്കും. ആലക്കോട് മേഖലയിലെ പത്രവിതരണം പൂർത്തിയാക്കി ഒരു ചായയും കുടിച്ച് നേരെ കൃഷിയിടത്തിലേക്ക് ഇറങ്ങും. പിന്നെ സന്ധ്യ മയങ്ങുവോളം മണ്ണിൽ തന്നെ. ഇടയ്ക്ക് ഭക്ഷണം കഴിക്കാനല്ലാതെ വിശ്രമമില്ല. അതിന്റെ ഫലവും ആലക്കോട് പള്ളത്ത് വീട്ടിലെത്തിയാൽ കാണാം. വിവിധയിനം പച്ചക്കറികൾ, ഔഷധ ചെടികൾ, തേനീച്ച , ആട്, മീൻ , അലങ്കാര പക്ഷി , കപ്പ, വാഴ, ഇഞ്ചി, മഞ്ഞൾ, തെങ്ങ്, റബർ, കമുക്, ജാതി തുടങ്ങി ഈ 65 കാരൻ കൃഷി ചെയ്യാത്തതായി ഒന്നുമില്ലെന്ന് തന്നെ പറയാം. ഇതിനുള്ള അംഗീകാരമാണ് സംസ്ഥാന സർക്കാരിന്റെ സംസ്ഥാന സർക്കാരിന്റെ മികച്ച ജൈവകർഷകനുള്ള പുരസ്കാരം ആന്റണിയെ തേടിയെത്തിയത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതായിരുന്നു അവാർഡ്. സ്വന്തമായുള്ള മൂന്ന് ഏക്കറിലും പാട്ടത്തിനെടുത്ത ആറ് ഏക്കർ സ്ഥലത്തുമാണ് ആന്റണി കൃഷി ചെയ്യുന്നത്. തീർത്തും ജൈവരീതിയിലാണ് ആന്റണിയുടെ കൃഷിയെന്നതാണ് പ്രത്യേകത. പയർ, വെണ്ടയ്ക്ക, പാവൽ, ചതുരപയർ, നിത്യവഴുതന, അമര, വെള്ളരി തുടങ്ങി രാസവളങ്ങളൊന്നുമിടാതെ ആന്റണി ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് ആവശ്യക്കാരേറെയാണ്. ആലക്കോടുള്ള ചായക്കടക്കാർ തന്നെ ഇതിൽ ഭൂരിഭാഗവും വാങ്ങിക്കും. മിച്ചമുള്ളത് വാഴക്കുളത്തുള്ള ജൈവകർഷക സംഘടനയും വാങ്ങും. ചെന്നീർ കിഴങ്ങ്, കറ്റാർവാഴ, ചിറ്റരത്ത തുടങ്ങിയ ഔഷധ കൃഷിയും ആന്റണിക്കുണ്ട്. ഇത് പ്രമുഖ ആയുർവേദ മരുന്ന് നിർമാണ കമ്പനിയായ നാഗാർജുനയാണ് വർഷങ്ങളായി വാങ്ങുന്നത്. മുപ്പതോളം ചെറുതേൻ- വൻതേൻ പെട്ടികളുണ്ട്.
കാലാവസ്ഥാ വ്യതിയാനം തേനീച്ച കൃഷിയെ സാരമായി ബാധിച്ചതായി ആന്റണി പരാതി പറയുന്നു. 18 മലബാറി ഇനത്തിലുള്ള ആടുകളുണ്ട്. ഇവയിൽ നിന്നും നല്ല വരുമാനം ലഭിക്കുന്നുണ്ട്. രണ്ട് കുളങ്ങളിലായി ഗൗര, തിലോപ്പിയ എന്നീ മീനുകളെയും വളർത്തുന്നുണ്ട്. ഇവ ബന്ധുക്കാരും നാട്ടുകാരും തന്നെ വാങ്ങും. ഇത് കൂടാതെ 150 കമുകിലായി കുരുമുളക് കൊടിയും 60 വീതം തെങ്ങും ജാതിയുമുണ്ട്. 300 റബർ മരങ്ങൾ വെട്ടുന്നതും പാല് എടുക്കുന്നതുമെല്ലാം ആന്റണി തന്നെയാണ്. വീടിനോട് ചേർന്ന് തന്നെ വിവിധ ഓർക്കിഡുകളും കലപില ശബ്ദമുണ്ടാക്കി ലൗബേർഡ്സും വളരുന്നു. മാനസിക സംതൃപ്തി മാത്രം ലക്ഷ്യമിട്ട് കൃഷി ചെയ്യുന്നതിനാൽ വരുമാനത്തെക്കുറിച്ച് ചിന്തിക്കാറില്ലെന്ന് ആന്റണി പറയുന്നു. കൃഷിനാശവും വിലയിടിവുമൊക്കെയുണ്ടെങ്കിലും മാസം എങ്ങനെ നോക്കിയാലും ഏറ്റവും കുറഞ്ഞത് 15,000 രൂപയെങ്കിലും ലാഭമുണ്ട്. കൃഷിയിൽ ആന്റണിയെ സഹായിക്കാൻ സണ്ണി, മറിയാമ്മ, അച്ചാമ്മ എന്നിങ്ങനെ മൂന്ന് പേരുണ്ട്. ഇതിൽ കോടിക്കുളം സ്വദേശിയായ സണ്ണി ജോസഫ് തുരുത്തേലിനാണ് ഈ വർഷത്തെ ഏറ്റവും മികച്ച കർഷക തൊഴിലാളിക്കുള്ള പുരസ്കാരമായ സംസ്ഥാന ശ്രമശക്തി അവാർഡ്. സാലി ആന്റണിയാണ് ഭാര്യ. ജോസ് ആന്റണി, സന്ദീപ് ആന്റണി എന്നിവർ മക്കളാണ്. മരുമക്കളായ മിൽനയും ടിസയും കൃഷിയിൽ സഹായിക്കാറുണ്ട്.