തൊടുപുഴ: റോഡിലുണ്ടാകുന്ന ഗതാഗതക്കുരുക്കിൽ അകപ്പെട്ട് ജനം ദുരിതത്തിൽ അകപ്പെട്ടാലും അതൊക്കെ തങ്ങളെ ബാധിക്കുന്ന കാര്യം അല്ല എന്ന ഭാവത്തിലാണ് അധികൃതർ. പ്രാദേശികമായ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നിരവധി സംവിധാനങ്ങൾ ഉണ്ടെങ്കിലും അതിനോടെല്ലാം അധികൃതർ മുഖം തിരിക്കുകയുമാണ്. തൊടുപുഴ നഗരസഭാ മേഖല, മുട്ടം, കരിങ്കുന്നം, വഴിത്തല, ഉടുമ്പന്നൂർ, വണ്ണപ്പുറം, കരിമണ്ണൂർ, മൂലമറ്റം എന്നിങ്ങനെയുള്ള ടൗൺ പ്രദേശങ്ങളിൽ മിക്ക സമയങ്ങളിലും അതിരൂക്ഷമായ ഗതാഗതക്കുരുക്കനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് രാവിലെ 9 മുതൽ 10.30 വരേയും വൈകിട്ട് 3.30 മുതൽ 7.30 വരേയുമുള്ള പീക്ക് സമയങ്ങളിൽ. ഗതാഗത നിയന്ത്രണങ്ങൾക്ക് ഓരോ സ്ഥലങ്ങളിലും പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും അതെല്ലാം മിക്ക സ്ഥലങ്ങളിലും പ്രായോഗികമല്ലാതാവുകയാണ്. തൊടുപുഴ നഗരസഭ പ്രദേശത്ത് ഗതാഗതക്കുരുക്ക് ഏറ്റവും പ്രശ്നമാകുന്നത് മോർ - ഗാന്ധി സ്ക്വയർ ജംഗ്ഷനിലാണ്. വിവിധ റോഡുകളുടെ സംഗമ സ്ഥലമായ ഇവിടങ്ങളിൽ പീക്ക് സമയങ്ങളിൽ ഒന്നിലേറെ പൊലീസുകാരെയും ഡ്യൂട്ടിക്കിടാറുണ്ട്. എന്നാൽ ചിലയവരങ്ങളിൽ പൊലീസുകാരുടെ നിയന്ത്രണങ്ങൾക്കുമപ്പുറം ആവുകയാണ് ഇവിടുത്തെ കാര്യങ്ങൾ.
അടിസ്ഥാന പ്രശ്നങ്ങൾ .........
നഗരത്തിലും സമീപത്തുള്ള ചെറിയ ടൗൺ പ്രദേശങ്ങളിലും രാവിലെ മുതൽ രാത്രി വരെയുള്ള അനധികൃത വാഹന പാർക്കിംഗ്. പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായ റോഡ് - പാലം - ഓടകൾ. റോഡിൽ സൂചനാ ബോർഡുകൾ ഇല്ലാത്തത് - നിറം മങ്ങി പഴകിയ സൂചന ബോർഡുകൾ. റോഡിലെ കാഴ്ച്ച മറക്കുന്ന മരങ്ങൾ - കാട്ട് ചെടികൾ. കോടതി വീധികൾ ഉണ്ടായിട്ടും പുനക്രമീകരിക്കാത്ത അശാസ്ത്രീയമായ ബസ്റ്റോപ്പുകൾ.
നോക്കു കുത്തിയായി നിയമ വ്യവസ്ഥകൾ .....
ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ
എന്നിവയുടെ നേതൃത്വത്തിൽപ്രാദേശിക ഗതാഗത ഉപദേശകസമിതികൾ നിർബന്ധമായും
യോഗം ചേരണം. എന്നാൽ മിക്ക തദ്ദേശ സ്ഥാപനങ്ങളിലുംഗതാഗത ഉപദേശ സമിതികൾ കൃത്യമായി യോഗം ചേരാറില്ല. ജനപ്രതിനിധികൾ, പൊലീസ്, റവന്യു, മോട്ടോർ വാഹന വകുപ്പ് അധികൃതർ ഉൾപ്പെടുന്ന ഗതാഗത ഉപദേശ സമിതികൾ കഴിഞ്ഞ 5 വർഷത്തിൽ ഒരിക്കൽ പോലും ചേരാത്ത സ്ഥലങ്ങൾ തൊടുപുഴ മേഖലയിലുണ്ട്. ഗതാഗത ഉപദേശ സമിതികൾ ചേർന്ന് തീരുമാനങ്ങൾ എടുത്താലും അതെല്ലാം അട്ടിമറിക്കപ്പെടുന്നസ്ഥലങ്ങളുമുണ്ട്.