ചെറുതോണി: മണിയാറൻകുടിയിൽ ആരംഭിക്കുന്ന ടാർ മിക്‌സിംഗ് യൂണിറ്റിന്റെ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് റേഷൻകടസിറ്റിയിൽ നിന്നും സഹകരണ ബാങ്കുപടിക്കലേക്ക് പ്രതിഷേധപ്രകടനം പരിസ്ഥിതി പ്രവർത്തകനായ സി ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. പ്ലാന്റ് സ്ഥാപിക്കുന്നതിന് സമീപത്തായി പെരുങ്കാല, മണിയാറൻകുടി, വട്ടമേട് എന്നീ മൂന്ന് ആദിവാസികുടികളും നിരവധി നാട്ടുകാരുൾപ്പെടെ 500 ഓളം കുടുംബങ്ങളും താമസിക്കുന്നുണ്ട്. പ്ലാന്റിനു സമീപത്തായി 582 ഹെക്ടർ വനഭൂമിയുണ്ട്. ഇവിടെ 940 ഇനം പക്ഷികളും നിരവധി കൈത്തോടുകളും വൻതോതിൽ വന്യമൃഗങ്ങളുമുള്ളതാണ്. പ്രദേശത്ത് നിരവധി കുടിവെള്ള സ്രോതസുകളുമുണ്ട്. ടാർ പ്ലാന്റിൽ നിന്നുണ്ടാവുന്ന പുക സമീപവാസികളായ ആദിവാസികളെ രോഗികളാക്കുകയും കുടിവെള്ള സ്രോതസ് നശിക്കുകയും ചെയ്യുമെന്നാണ് ആരോപണം. പൈനാവ് മരിയാപുരം റോഡിന്റെ നിർമ്മാണത്തിന് താൽക്കാലികമായി മിക്‌സിംഗ് പ്ലാന്റ് സ്ഥാപിക്കുകയെന്നാണ് നാട്ടുകാരെ ധരിപ്പിച്ചിരുന്നത്. അതിനാൽ തുടക്കത്തിൽ ആരും എതിർപ്പ് പ്രകടിപ്പിച്ചില്ല. എന്നാൽ ഈ സ്ഥലം കരാറുകാരൻ വിലയ്ക്കുവാങ്ങിച്ച് ഇവിടെ കോടികണക്കിനു രൂപയുടെ മിഷനറികളുമെത്തിച്ചു. കരാറുകാരനുമറ്റുസ്ഥലങ്ങളിൽ നടക്കുന്ന റോഡുനിർമ്മാണ ത്തിനാവശ്യമായ ടാർ ഇവിടെനിന്നുകൊണ്ടപോകാനാണ് പദ്ധതിയെന്നും നാട്ടുകാർ ആരോപിച്ചു. പ്രദേശവാസികളെ നിത്യരോഗികളാക്കുന്ന ടാർ മിക്‌സിംഗ് പ്ലാന്റ് പ്രവർത്തിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത്, ജില്ലാ കളക്ടർ, പൊലൂഷൻകൺട്രോൾ എന്നിവടങ്ങളിൽ നാട്ടുകാർ പരാതിനൽകിയിട്ടുണ്ട്. നിർമ്മാണവുമായി മന്നോട്ടപോയാൽ സമരം ശക്തമാക്കുമെന്നും

ഡി കെ ടി എഫ് ജില്ലാ പ്രസിഡന്റ് അനിൽ ആനയ്ക്കനാട്ട്‌,വാർഡ്മെമ്പർ ഏല്യാമ്മജോയി, ജനകീയ സമിതി ഭാരവാഹികളായ സി.കെ ജോയി, വി.എ ജോണി, സി.എസ് ജയചന്ദ്രൻ, എസ് രവി, സരേഷ് കുന്നേൽ എന്നിവർ അറിയിച്ചു