തൊടുപുഴ : ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളിലെ ഹയർ സെക്കന്ററി സ്‌കൂളുകളിൽ സ്ഥാപിക്കുന്ന ജലലാബിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ജില്ലയിലെ വിവിധ സ്‌കൂൾ അദ്ധ്യാപകർക്ക് ഓൺലൈൻ ട്യൂട്ടേറിയലിലൂടെ ഹരിതകേരളം മിഷൻ പരിശീലനം നൽകി. ആദ്യഘട്ടമെന്ന നിലയിൽ 11 സ്‌കൂളുകളിലെ കെമിസ്ട്രി അദ്ധ്യാപകർക്കും ലാബ് അസിസ്റ്റന്റുമാർക്കുമാണ് പരിശീലനം നൽകിയത്.
വെള്ളം ശേഖരിക്കുന്നതു മുതൽ പരിശോധനാ ഫലം ഹരിതകേരളം മിഷന്റെ ആപ്ലിക്കേഷനിൽ അപ് ലോഡ് ചെയ്യുന്നതുവരെയുള്ള കാര്യങ്ങളാണ് വിശദമാക്കിയത്. സ്‌റ്റെറിലൈസ് ചെയ്ത കുപ്പികളിലായിരിക്കണം പരിശോധനയ്ക്കായി വെള്ളം ശേഖരിക്കേണ്ടത്. അവയുടെ ഗുണനിലവാരം മൊബൈൽ ആപ്ലിക്കേഷനിലും രേഖപ്പെടുത്തുന്നതിനൊപ്പം സ്‌കൂളിൽ നിന്നും നൽകുന്ന ജലകാർഡിലും രേഖപ്പെടുത്തണം.സ്‌കൂളിലെത്തുന്ന എല്ലാ പരിശോധനകളും രേഖപ്പെടുത്തുന്നതിനായി രജിസ്റ്ററും സൂക്ഷിക്കണം. പ്രത്യേകം ശ്രദ്ധിക്കേണ്ട എന്തെങ്കിലും ദോഷം പരിശോധനയിൽ കണ്ടെത്തിയെങ്കിൽ ആരോഗ്യ വകുപ്പിന്റെയും തദ്ദേശ ഭരണ സ്ഥാപ മേധാവിയെയും അറിയിക്കുന്നതിനും സംവിധാനമുണ്ടാകും.
സൗജന്യമായി
ജലം പരിശോധിക്കാം
ശുദ്ധജലം എല്ലാ വീടുകളിലും ഉറപ്പാക്കുന്നതിനൊപ്പം ജല മലിനീകരണത്തിന്റെ വിവിധ വശങ്ങൾ കുട്ടികളിലൂടെ സമൂഹത്തെയാകെ ബോദ്ധ്യപ്പെടുത്തുന്നതിനാണ് ജല ലാബുകൾ ലക്ഷ്യമിടുന്നത്.സ്‌കൂൾ ലാബുകളിൽ തികച്ചും സൗജന്യമായാണ് ജലംപരിശോധിച്ചു നൽകുക.വെള്ളത്തിന്റെ നിറം, ഗന്ധം,പി എച് മൂല്യം,ലവണ സാന്നിദ്ധ്യം,ലയിച്ചു ചേർന്ന ഖരപദാർഥത്തിന്റെ അളവ്,നൈട്രേറ്റിന്റെ അളവ്,അമോണിയ,കോളിഫോം എന്നീ ഘടകങ്ങൾ ബി.ഐ.എസ്. മാനദണ്ഡത്തിലുള്ള നിലവാരമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ സ്‌കൂൾ ലാബിലുണ്ടാകും.