തൊടുപുഴ: അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതി നിലയത്തിലെ സുരക്ഷാ സംവിധാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. വെള്ളിയാഴ്ച രാത്രി എഴ് മണിയോടെ നാലാം നമ്പർ ജനറേറ്ററിന്റെ ഐസൊലേറ്ററിലുണ്ടായ പൊട്ടിത്തെറിയാണ് അവസാനത്തെ അപകടം. വൈദ്യുതി ഉത്പാദനം നിറുത്തിയെങ്കിലും രാത്രിയോടെ നാല് ജനറേറ്ററുകളുടെ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരി 20നും ഫെബ്രുവരി ഒന്നിനും സമാനമായ രീതിയിൽ നിലയത്തിൽ തകരാറുണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെലും ഭാഗ്യം കൊണ്ടുമാണ് ഈ സംഭവങ്ങളിലൊന്നും ആളപായമുണ്ടാകാത്തത്. 2011 ജൂൺ 20ന് അഞ്ചാം നമ്പർ ജനേററ്ററിന്റെ കൺട്രോൾ പാനൽ പൊട്ടിത്തെറിച്ച് അസി. എൻജിനീയർ മെറിൻ ഐസക്, സബ് എൻജിനീയർ കെ.എസ്. പ്രഭ എന്നിവർ മരിച്ചിരുന്നു. അഞ്ചാം നമ്പർ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ സ്പാർക്കിങ്ങ് നൽകുമ്പോൾ കൺട്രോൾ പാനലിന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. പവർഹൗസിൽ ഏതുനിമിഷവും അപകട സാധ്യത നിലനിൽക്കുന്നത് ജീവനക്കാരിലടക്കം അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. പവർഹൗസിൽ നിന്ന് സ്ഥലംമാറ്റത്തിന് നിരവധി ജീവനക്കാർ ശ്രമിക്കുന്നുണ്ട്. തുടരെയുണ്ടാകുന്ന അപകടങ്ങൾ ജീവനക്കാരിൽ മാനസിക സംഘർഷവും രക്തസമ്മർദ്ദവും കൂട്ടുന്നുണ്ട്.
താപനില ഉയരുന്നത് ആശങ്ക
2011 ജൂൺ 21നു പവർഹൗസിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് എൻജിനീയർമാർ മരണമടഞ്ഞതിനെ തുടർന്ന് കെ.എസ്.ഇ.ബി മുൻ അംഗം കെ. രാധാകൃഷ്ണൻ ചെയർമാനായ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. പവർ ഹൗസിലെ താപനില ഉയരുന്നതു സംബന്ധിച്ചായിരുന്നു റിപ്പോർട്ടിലെ പ്രധാന ഭാഗം. എന്നാൽ സമിതിയുടെ പഠന റിപ്പോർട്ടിലെ ശുപാർശകൾ കെ.എസ്.ഇ.ബി ഭാഗികമായി മാത്രമാണ് നടപ്പാക്കിയത്.
പുറത്ത് കടക്കുക ദുഷ്കരം
മൂലമറ്റം പവർ ഹൗസിലേക്ക് പ്രവേശിക്കാനും പുറത്ത് കടക്കാനുമുള്ള ഏക മാർഗം 1,966 അടി നീളമുള്ള തുരങ്കമാണ്. എന്തെങ്കിലും സംഭവിച്ചാൽ പുറത്തുകടക്കുക ഏറെ ദുഷ്‌കരമാണ്. അത്യന്തം സങ്കീർണമാണ് പവർ ഹൗസിലെ സംവിധാനങ്ങൾ. 2,500 അടി ഉയരമുള്ള നാടുകാണി മലയുടെ ചുവട്ടിൽ 463 അടി നീളവും 65 അടി വീതിയും 115 അടി ഉയരവുമാണ് ഇടുക്കി ഭൂഗർഭ വൈദ്യുതി നിലയത്തിനുള്ളത്. സമുദ്രനിരപ്പിന് 200 അടി ഉയരത്തിലാണ് പവർ ഹൗസിന്റെ തറനിരപ്പ്.