തൊടുപുഴ : തൊടുപുഴ നഗരസഭ ശുദ്ധജലവിതരണ വിപുലീകരണ പദ്ധതിയുടെയും വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം ഇന്ന് നടക്കും.

നഗരസഭ ശുദ്ധജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം വൈകിട്ട് നാലിന് ജല അതോറിറ്റി അങ്കണത്തിൽ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിക്കും. പി.ജെ.ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി. മുഖ്യാതിഥി ആയിരിക്കും. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് മുഖ്യപ്രഭാഷണവും നടത്തും.
നഗരസഭാ പ്രദേശത്തും ഇടവെട്ടി പഞ്ചായത്തിലുമായി നിലവിലുള്ള ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നും നഗരസഭയിൽ ഭൂരിഭാഗം പ്രദേശത്തും ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് ജലവിതരണം നടത്തിപ്പോന്നിരുന്നത്. എന്നാൽ നഗരസഭയുടെ ശുദ്ധജല ദൗർലഭ്യം കണക്കിലെടുത്താണ് പുതിയ 34 കോടി രൂപ മുടക്കിയുള്ള ശുദ്ധജല വിതരണ വിപുലീകരണ പദ്ധതിക്കു തുടക്കം കുറിച്ചത്.

വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്നു വൈകിട്ട് നാലിനു ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിക്കും. പി.ജെ.ജോസഫ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തും. 2013 നവംബറിൽ 20 കോടി രൂപയുടെ ഭരണാനുമതിയാണ് ഈ പദ്ധതിക്കു ലഭിച്ചത്. അഞ്ചു പാക്കേജുകളായി ടെണ്ടർ ചെയ്ത് പൂർത്തീകരിച്ച ശുദ്ധജല പദ്ധതിയിൽ വെള്ളിയാമറ്റം പഞ്ചായത്തിലെ 12 വാർഡുകളും ഉൾപ്പെടുത്തിയിരിക്കുന്നു.