ചെറുതോണി: തങ്കമണികുരിശുപാറ കുടിവെള്ളപദ്ധതിയുടെ വിതരണപൈപ്പ് തീയിട്ട് നശിപ്പിച്ചതായി പരാതി. കുടിവെള്ള പദ്ധതിയുടെ ജലസംഭരണി സ്ഥിതിചെയ്യുന്ന കുരിശുപാറയിൽ പ്രകൃതിഭംഗി ആസ്വദിക്കാനെന്നപേരിലെത്തുന്ന ചെറുപ്പക്കാരാണ് പാറയിലെ പുല്ലിന് തീയിട്ടതെന്ന് ജനകീയകമ്മിറ്റി പ്രസിഡന്റ് തങ്കച്ചൻ കാളവയലിൽ, സെക്രട്ടറി സിനോജ് വാഴയിൽ എന്നിവർ തങ്കമണി പൊലീസിന് നിൽകിയ പരാതിയിൽ പറയുന്നു. വ്യാഴാഴ്ച ഉച്ചയോടെ ഏതാനും ചെറുപ്പക്കാർ കുരിശുപാറയിൽ എത്തിയിരുന്നു തീപടർന്നുപിടിച്ചതോടെ ഇവർ ഓടി രക്ഷപെട്ടതായും നാട്ടുകാർ പറഞ്ഞു. തങ്കമണികുരിശുപാറ സാമൂഹ്യവിരുദ്ധരുകട താവളമാണെന്നും, മദ്യം, മയക്കുമരുന്നുകളുടെ ഉപയോഗത്തിനാണ് ഇവിടെ ആളുകൾ തമ്പടിക്കുന്നതെന്നും പ്രദേശവാസികൾ പറയുന്നു. പുല്ലിൽ ആളിപടർന്ന തീ ഫയർഫോഴ്‌സും നാട്ടുകാരും കഠിനപരിശ്രമം നടത്തിയാണ് അണച്ചത്. തീ നിയന്ത്രണവിധേയമായെങ്കിലും കുരിശുപാറയിലുള്ള കുടിവെള്ള പദ്ധതിയുടെ പി.വി.സി. പൈപ്പ് 200 മീറ്ററോളം ദൂരത്തിൽ അഗ്‌നിക്കിരയായി. 80 വീട്ടുകാരുടെ കുടിവെള്ളമാണ് ഇതോടെ മുടങ്ങിയത്. പലവീടുകളിലേക്കും കൃഷിയിടത്തിലേക്കും തീ വ്യാപിക്കുകയും നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു.