ചെറുതോണി: വിവിധ ആവശ്യങ്ങളുന്നയിച്ച് കളക്ട്രേറ്റ് പടിക്കൽ നടന്നിവരുന്ന നിരാഹാരസമരത്തിനു പരിഹാരമുണ്ടാകാത്തപക്ഷം ബുധനാഴ്ച്ച മുതൽ കളക്ട്രേറ്റ് പടിക്കൽ കുടിലുകെട്ടി രാപ്പകൽ സമരമാരംഭിക്കുമെന്ന് പട്ടികവർഗ്ഗ ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എ.ഡി ജോൺസൺ, സെക്രട്ടറി സാറാമ്മ ജോസഫ് എന്നിവർ അറിയിച്ചു.ചിന്നക്കനാലിൽ ഭൂരഹിത ആദിവാസികൾക്ക് വിതരണത്തിനായി നീക്കിവെച്ചിട്ടുള്ള 822 ഏക്കർ ഭൂമി വിതരണം ചെയ്യുക, നിലവിലുള്ള ആദിവാസികൾക്ക് പട്ടയം നൽകുക, ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുക, സമരത്തിനു നേതൃത്വം നൽകിയ ഭാരവാഹികളുടെ പേരിലുള്ള കേസ് പിൻവലിക്കുക, ചിന്നക്കനാൽ വില്ലേജിൽ ആദിവാസി പുനരധിവാസ മേഖലയിൽ ട്രൈബൽ മിഷൻ നടത്തിയിട്ടുള്ള അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 2002 മുതൽ സർക്കാർ നടൽകിയ വാഗ്ദാനങ്ങളൊന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഈ മേഖലയിൽ പട്ടികവർഗ്ഗവികസനത്തിനായി കോടികണക്കിനു രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും തുകവിനിയോഗിക്കാതെ ബന്ധപ്പെട്ടവർ വീതിച്ചെടുക്കുകയായിരുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതു സംബന്ധിച്ച് നടത്തിയിട്ടുള്ള സി.എ.ജി റിപ്പോർട്ടിൽ വ്യാപകമായ അഴിമതികൾ കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാരുടെ പേരിൽ നടപടിയെടുക്കുകയും അർഹതപ്പെട്ടവർക്ക് ഭൂമിനൽകുകയും ചെയ്യാത്തപക്ഷം സമരം ശക്തമാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.