ഇടുക്കി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതു സംബന്ധിച്ചു ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലയുടെ ചുമതലയുള്ള മന്ത്രി എം.എം. മണി, ധനമന്ത്രി ഡോ. തോമസ് ഐസക്, കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് ഈ തീരുമാനം. അടുത്ത അഞ്ച് വർഷത്തേക്ക് ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂർത്തിയാക്കുന്ന നടപടികളുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളോട് പത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ യോഗം നിർദേശിച്ചു. മൂന്നാറിൽ കർഷകർക്ക് ഭീഷണിയായ ഗ്രാന്റിസ് മരങ്ങൾ പിഴുതുമാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു.