തൊടുപുഴ: മരുന്നുകളുടെയും ഫാർമസ്യൂട്ടിക്കൽ ഉത്പ്പന്നങ്ങളുടെയും മൊത്തവിതരണ സ്ഥാപനത്തിൽ വൻ തീ പിടുത്തം.ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തൊടുപുഴ-പാല റൂട്ടിൽ ചുങ്കം പള്ളിയ്ക്കു സമീപം വട്ടക്കുളം ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കരിമണ്ണൂർ സ്വദേശി ടോണി ജോയിയുടെ ഉടമസ്ഥതയിലുള്ള മെഡ്കാസിൽ ഫാർമ എന്ന സ്ഥാപനത്തിലാണ് ഇന്നലെ രാത്രി 8.10 ഓടെതീ പിടുത്തമുണ്ടായത്. സ്ഥാപനം അടച്ചു പോയതിനു ശേഷമാണ് തീ പിടുത്തമുണ്ടായത്. കടയ്ക്കുള്ളിൽ നിന്നും പുകയുയരുന്നതു കണ്ട സമീപത്തെ കടക്കാരനാണ് വിവരം ഫയർഫോഴ്‌സിനെയും ഉടമയെയും വിളിച്ചറിയിച്ചത്. ഉടൻ തന്നെ തൊടുപുഴ ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. എന്നാൽ കടയ്ക്കുളളിലെ തീയും പുകയും കൂടിയതോടെ കല്ലൂർക്കാട് , മൂലമറ്റം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി. തുടർന്ന് അഗ്‌നിശമന സേനാംഗങ്ങൾ സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അകത്തു കയറിയാണ് തീയും പുകയും നിയന്ത്രണ വിധേയമാക്കിയത്. കടയിൽ സൂക്ഷിച്ചിരുന്ന മരുന്നുകളും മറ്റ് ഫാർമസ്യൂട്ടിക്കൽ ഉത്പ്പന്നങ്ങളും ഉപകരണങ്ങളും കത്തിനശിച്ചതിനാൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് ഉടമ പറഞ്ഞു. കഴിഞ്ഞ ദിവസം ഡയാലിസിസ് മരുന്ന് ഉൾപ്പെടെ ലക്ഷങ്ങളുടെ സ്റ്റോക്ക് എത്തിച്ചിരുന്നു. കൂടുതൽ ശേഷമെ തീ പിടിത്തത്തിന്റെ കാരണം വ്യക്തമാകു എന്ന് ഫയർഫോഴ്‌സ്‌ അറിയിച്ചു.