കൊച്ചി: നികുതിവെട്ടിപ്പു കേസിൽ ചാർട്ടേഡ് അക്കൗണ്ടന്റ് അറസ്റ്റിലായെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നു ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്‌സ് ഒഫ് ഇന്ത്യ (ഐസിഎഐ) സെൻട്രൽ കൗൺസിൽ അംഗം ബാബു എബ്രാഹം കള്ളിവയലിലും എറണാകുളം ബ്രാഞ്ച് ചെയർമാൻ റോയി വർഗീസും അറിയിച്ചു. വ്യാജ ജിഎസ്ടി ബിൽ ചമച്ച് കോടികൾ തട്ടിയ കേസിൽ പെരുമ്പാവൂർ ചിറക്കക്കുടി അലിയാർ റെനീഷ് എന്ന സി.എ. റെനീഷ് പിടിയിലായ കേസിൽ ഇയാൾ ചാർട്ടേഡ് അക്കൗണ്ടന്റാണെന്ന തരത്തിലുള്ള വാർത്തയാണ് പ്രചരിക്കുന്നത്. ഇയാൾ ചാർട്ടേഡ് അക്കൗണ്ടന്റല്ല. സി.എ. എന്ന ഇയാളുടെ ഇനീഷ്യൽ ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന് തെറ്റിദ്ധരിച്ചതാവാം ഇത്തരം ഒരു പ്രചരണത്തിന് ഇടയാക്കിയത്. ജിഎസ്ടിയുടെ നടത്തിപ്പിലും നിയമപാലനത്തിലും എല്ലാവിധ സഹായ സഹകരണങ്ങളും നൽകുന്ന ചാർട്ടേഡ് അക്കൗണ്ടന്റുമാർ തട്ടിപ്പിന് കൂട്ടുനിന്നതായിവന്ന പ്രചരണം ഏറെ ഖേദകരവും അപലപനീയവുമാണെന്നും അവർ അറിയിച്ചു.