ഇടുക്കി: ചേലക്കവല-മാവടികാരിത്തോട് റോഡിന്റെ നിർമ്മാണോദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിർവഹിച്ചു. ഉടുമ്പൻചോല മണ്ഡലത്തിന്റെ ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത വികസനപ്രവർത്തനങ്ങളാണ് നടപ്പാക്കിയതെന്ന് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു. 1470 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ വിവിധ മേഖലകളിലായി മണ്ഡലത്തിൽ നടപ്പാക്കി. എല്ലാ പഞ്ചായത്തുകളിലെയും ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കൊപ്പം ജില്ലയുടെ മൊത്തത്തിലുള്ള വികസനത്തിനും ഈ സർക്കാർ പ്രാധാന്യം നൽകിയിട്ടുണ്ട്. ഉടുമ്പൻചോല രണ്ടാം മൈൽ റോഡ്, ചെമ്മണ്ണാർ ഗ്യാപ് റോഡ, രാമക്കൽമേട് വണ്ണപ്പുറം റോഡ് തുടങ്ങി ജില്ലയുടെ വിവിധ മണ്ഡലങ്ങളുടെ വികസനത്തിന് പ്രാധാന്യം നൽകി കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ഈ സർക്കാർ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചേലക്കവല കാരിത്തോട് നാല് കിലോമീറ്റർ റോഡിന്റെ നിർമ്മാണത്തിനായി നാല് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ചേലക്കവല-മാവടി-കാരിത്തോട് നാല് കിലോമീറ്റർ റോഡ്, 10 മീറ്റർ വീതിയിൽ ബിഎംആന്റ് ബിസി സാങ്കേതിക നിലവാരത്തിലാണ് നിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്. ഐറീഷ് ഡ്രെയിനേജ് സംവിധാനവും 10 കലുങ്കുകളുടെ നിർമ്മാണവും ഉൾപ്പെടെ 4 കോടി രൂപ ചെലവിൽ ആധുനികനിലവരത്തിലാണ് റോഡിന്റെ നിർമ്മാണം.