കയർ കോപ്പറേഷൻ ഇടപെടും
വ്യാവസായികമായി സംഭരിക്കും
കിലോക്ക് 23 രുപ നൽകും
തൊടുപുഴ: ചകിരി ജില്ലയിൽ ലഭ്യമാണെങ്കിൽ വ്യാവസായികമായി സംഭരിക്കുമെന്ന് സംസ്ഥാന കയർ കോർപ്പറേഷൻ ചെയർമാൻ അഡ്വ: ടി.കെ ദേവകുമാർ "കേരള കൗമുദി" യോട് പറഞ്ഞു. ഒരു കിലോ ചകിരിക്ക് 23 രൂപകയർ കോർപ്പറേഷൻ നൽകുമെന്നും ചെയർമാൻ പറഞ്ഞു. ജില്ലയിൽ വിവധ സ്ഥലങ്ങളിലുളള ചെറുതും വലുതുമായ തെങ്ങ് കർഷകർ ചകിരിത്തൊണ്ട് പാഴ് വസ്തുവായി പറമ്പിലും മറ്റും വലിച്ചെറിയുമ്പോൾ കയർ കോർപ്പറേഷൻ തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്ന് കോടികൾ ചെലവഴിച്ചാണ് ചകിരി ഇറക്കുമതി ചെയ്യുന്നത്. ജില്ലയിൽ നിന്ന് ചകിരി സംഭരിക്കാൻ അധികൃതർ വർഷങ്ങൾക്ക് മുൻപ് വിപുലമായ പദ്ധതികൾ പ്ളാൻ ചെയ്തെങ്കിലും തുടർ പ്രവർത്തികൾ നടക്കാതെ തുടക്കവും അവസാനവും ഒരുപോലെയായി. ഇത് സംബന്ധിച്ച്
ജനുവരി 23 ന് കേരള കൗമുദി വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ടപ്പോഴാണ് ജില്ലയിൽ നിന്ന് ചകിരി സംഭരിക്കുമെന്ന കാര്യം കയർ കോർപ്പറേഷൻ ചെയർമാൻ അറിയിച്ചത്. ജില്ലയിൽ നിന്ന് ചകിരി സംഭരണം പ്രായോഗികമല്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ വരുത്തിത്തീർത്തതോടെയെണ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതി പാളിയത്. കയർ സംഘങ്ങൾക്ക് തൊണ്ട് ലഭിക്കുന്നതിനുളള ദൗർലഭ്യം ഇല്ലാതാക്കി സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് സഹായം നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. പറമ്പിലും മുറ്രത്തും വലിച്ചെറിയുന്ന തൊണ്ട് വ്യാവസായികമായി സംഭരിച്ച് കർഷകർക്ക് വരുമാനം ലഭ്യമാക്കുക എന്ന നല്ല ആശയമാണ് ആരംഭത്തിലേ തന്നെ ചിലർ തകിടം മറിച്ചത്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,കൃഷിഭവനുകൾ,പ്രാദേശിക കർഷക സംഘങ്ങൾ,കുടുംബശ്രീ,റസിഡൻസ് അസോസിയേഷനുകൾ,മറ്റ് സാംസ്ക്കാരിക സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് പ്രാദേശികമായി തൊണ്ട് സമാഹരിക്കാൻ ഒന്നാം ഘട്ടത്തിൽ പദ്ധതി ലക്ഷ്യമിട്ടത്. പ്രാദേശികമായി സഹകരണ സംഘങ്ങൾ രൂപീകരിച്ച് സംഘങ്ങളുടെ നേതൃത്വത്തിൽ തൊണ്ടിൽ നിന്ന് ചകിരി വേർതിരിക്കുന്നതിനുളള ഡിഫൈബറിംഗ് മിഷനും അനുബന്ധ സൗകര്യങ്ങളും ബ്ളോക്ക് അടിസ്ഥാനത്തിൽ സ്ഥാപിക്കലാണ് രണ്ടാം ഘട്ടത്തിൽ . മൂന്നാം ഘട്ടത്തിൽ തൊണ്ടിൽ നിന്ന് വിവിധ തരത്തിലുളള ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് പ്രാദേശികമായി പരിശീലനം നൽകുകയും ഉത്പന്നങ്ങൾക്ക് വിപണന സൗകര്യം ലഭ്യമാക്കുകയുമാണ് പദ്ധതിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പദ്ധതിയുടെ പ്രഖ്യാപനത്തിന് ശേഷം എല്ലാം ചുവപ്പ് നാടയിൽ കുരുങ്ങി.